Sun. Dec 22nd, 2024

 

മുംബൈ: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെയും വധഭീഷണി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. ചത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്.

ഫൈസാന്‍ എന്ന് പരിജയപ്പെടുത്തിയ വ്യക്തിയാണ് കോളിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്. റായ്പൂര്‍ പൊലീസും അന്വേഷണത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.

ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണി സന്ദേശമെത്തിയിരുന്നു. തുടര്‍ന്ന്, വൈ പ്ലസ് കാറ്റഗറി സുരക്ഷയും പോലീസ് അദ്ദേഹത്തിന് ഏര്‍പ്പാടാക്കിയിരുന്നു. സായുധരായ ആറ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനോടൊപ്പമുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തി. നേരത്തെ, ആയുധമേന്തിയ രണ്ട് ഉദ്യോഗസ്ഥരായിരുന്നു താരത്തിന് ഒപ്പമുണ്ടായിരുന്നത്.

സല്‍മാന്‍ ഖാനെതിരെ ലക്ഷ്യം വെച്ച് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ ഷാരൂഖിനേയും ചിലര്‍ ലക്ഷ്യമിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ ജീവന്‍ സംരക്ഷിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.