Sun. Dec 22nd, 2024

 

പാലക്കാട്: അര്‍ധരാത്രി ഹോട്ടല്‍ മുറിയിലെത്തി പൊലീസ് നടത്തിയ പരിശോധന താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. അര്‍ധരാത്രി പൊലീസെത്തി തന്റെ ശരീരപരിശോധന വരെ നടത്തിയെന്നും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു രേഖയും പൊലീസ് കാണിച്ചില്ലെന്നും ഷാനിമോള്‍ പറയുന്നു. തന്റെ മുറി എപ്പോള്‍ തുറക്കണം എന്ന് തീരുമാനിക്കുന്നത് താന്‍ ആണെന്നും അവര്‍ പറഞ്ഞു.

ഷാനിമോള്‍ ആദ്യം മുറി തുറക്കാതിരുന്നത് കള്ളപ്പണം ഒളിപ്പിക്കാനാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ അസമയത്ത് വന്നാണോ തിരഞ്ഞെടുപ്പിന്റെ കാര്യം ചോദിക്കേണ്ടതെന്നും സ്ത്രീകളുടെ മുറിയില്‍ പരിശോധനയ്ക്ക് ഒരു വനിതാ പൊലീസെങ്കിലും വേണ്ടേ എന്നും ഷാനിമോള്‍ ചോദിക്കുന്നു.

’12 മണി കഴിഞ്ഞപ്പോഴാണ് അവര്‍ വരുന്നത്. വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല. വാതിലില്‍ വന്ന് മുട്ടുകയും തള്ളുകയുമൊക്കെ ചെയ്തു. നോക്കിയപ്പോള്‍ നാല് പേരുണ്ട്. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്ന് പറഞ്ഞു. ഈ അസമയത്താണോ തിരഞ്ഞെടുപ്പിന്റെ കാര്യം, അത് നിയമപരമല്ല നടക്കില്ല എന്ന് പറഞ്ഞപ്പോള്‍ വാതില്‍ തുറന്നേ പറ്റൂ എന്നായി അവര്‍. റിസപ്ഷനില്‍ പോയി എന്റെ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞു ഞാന്‍.

കുറച്ച് കഴിഞ്ഞ് വലിയ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ വലിയ ആള്‍ക്കൂട്ടം തന്നെയുണ്ട്. വനിതാ പൊലീസില്ലാതെ പരിശോധന നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടാവണം, ഒരു വനിതാ പൊലീസിനെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. എന്റെ ശരീരപരിശോധന വരെ അവര്‍ നടത്തി. മുറിയിലെ മുഴുവന്‍ സാധനങ്ങളും വലിച്ച് പുറത്തിട്ടു. ഒരു സ്ത്രീ എന്ന നിലയില്‍ നേരിട്ട ഏറ്റവും വലിയ അപമാനമാണ്.

മുറി തുറക്കാത്തതില്‍ ദുരൂഹത സംശയിച്ചെന്ന് റഹീം പറയുമ്പോള്‍, റഹീമിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരം എന്ന് മനസ്സിലാക്കണം. എന്റെ മുറി എപ്പോള്‍ തുറക്കണം എന്ന് ഞാന്‍ തീരുമാനിക്കും. അര്‍ധരാത്രി വെളിയില്‍ നാല് പുരുഷ പൊലീസുകാര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കതക് തുറക്കണം എന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.

ഒറ്റയ്ക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങള്‍. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തില്‍ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാനൊന്നും ഞങ്ങള്‍ സമ്മതിക്കില്ല. കേരളത്തെ 25 വര്‍ഷം പുറകോട്ട് കൊണ്ടുപോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും.’, ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.