Wed. Jan 22nd, 2025

 

ജെയ്പൂര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ള വന്യജീവി സങ്കേതങ്ങളില്‍ ഒന്നായ രാജസ്ഥാനിലെ രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 25 എണ്ണത്തിനെ കാണാനില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പവന്‍ കുമാര്‍ ഉപാധ്യായ. ഇവിടെയുള്ള 75 കടുവകളില്‍ 25 എണ്ണത്തിനെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പാര്‍ക്ക് അധികൃതരെ അറിയിച്ചു.

ഇത്രയധികം കടുവകളെ കാണാതായെന്ന് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. കടുവകളുടെ തിരോധാനം അന്വേഷിക്കാന്‍ വന്യജീവി വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നല്‍കി. രണ്ട് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പവന്‍ കുമാര്‍ ഉപാധ്യായ പറഞ്ഞു.

വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നിരീക്ഷണ കാമറകള്‍ അവലോകനം ചെയ്യുകയും പാര്‍ക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ കണ്ടെത്തിയാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യും. ഈ വര്‍ഷം മെയ് 17നും സെപ്റ്റംബര്‍ 30നും ഇടയില്‍ കാണാതായ 14 കടുവകളെ കണ്ടെത്തുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നവംബര്‍ 4ന് രണ്‍തംബോറില്‍ നടത്തിയ നിരീക്ഷണത്തില്‍ കടുവകളെ കാണാതായതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാര്‍ക്കിന്റെ ഫീല്‍ഡ് ഡയറക്ടര്‍ക്ക് പലതവണ നോട്ടീസ് അയച്ചിട്ടും കാര്യമായ പുരോഗതികളൊന്നും ഉണ്ടായില്ല.

കടുവകളുടെ എണ്ണക്കൂടുതല്‍ കാരണം രണ്‍തംബോര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഇത് അവക്കിടയില്‍ പ്രദേശത്തെച്ചൊല്ലിയുള്ള പോരാട്ടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ അടക്കം 75 കടുവകളുള്ള പാര്‍ക്കിന്റെ 900 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം ഇവയെ ഉള്‍കൊള്ളാന്‍ പാടുപെടുകയാണ്.

വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2006-2014 ല്‍ നടത്തിയ പഠനമനുസരിച്ച് പാര്‍ക്കില്‍ 40ഓളം കടുവകളെ മാത്രമെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ കഴിയൂ. അതേസമയം, 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ രണ്‍തംബോറില്‍ നിന്ന് 13 കടുവകളെ കാണാതായിരുന്നു.