Mon. Dec 23rd, 2024

 

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം പൂര്‍ത്തിയായി. യാത്രയയപ്പ് ചടങ്ങിലെ പരാമര്‍ശങ്ങള്‍ തെറ്റായിപ്പോയെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങള്‍ ശരിവെക്കുന്നതാണ് കലക്ടര്‍ പൊലീസില്‍ നല്‍കിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പൊലീസിനെ വിമര്‍ശിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പമ്പ് സ്ഥാപിക്കാന്‍ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോര്‍ട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിന് തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു.

പമ്പിന് അനുമതിപത്രം ലഭിക്കുന്നതിന് എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്തും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. എഡിഎമ്മും പ്രശാന്തും തമ്മില്‍ കണ്ടതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

നിലവില്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ് ദിവ്യ. ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ കീഴടങ്ങിയത്.