Fri. Nov 22nd, 2024

 

ന്യൂഡല്‍ഹി: സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എല്ലാ സ്വകാര്യ ഭൂമികളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. എട്ടു പേര്‍ അനുകൂല വിധി പുറപ്പെടുവിച്ചപ്പോള്‍ ഒരാള്‍ വിയോജിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി തിരുത്തി. എന്നാല്‍, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി വ്യക്തമാക്കി.

മൂന്നു വിധികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റിസ് സ്വന്തമായും ജസ്റ്റിസ് ബിവി നാഗരത്‌നയും മറ്റു ആറു ജസ്റ്റിസുമാരും മറ്റൊരു വിധിയും പുറപ്പെടുവിച്ചു. ജസ്റ്റിസ് സുധാന്‍ഷുവാണ് വിയോജിപ്പ് വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ 1978ലെ വിധിയാണ് കോടതി റദ്ദാക്കിയത്. 1978ലെ വിധി സാധാരണക്കാര്‍ക്കും നിക്ഷേപകര്‍ക്കും പ്രതിസന്ധിയുണ്ടാക്കുമെന്നും ഭരണഘടനാ ബെഞ്ച് പറഞ്ഞു.

നേരത്തെ പ്രസ്തുത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. 1978ലെ വിധിയില്‍ പറയുന്നത് പ്രകാരം, സ്വകാര്യ ഭൂമികള്‍ പൊതുനന്മക്കായി ഏറ്റെടുക്കാനാകില്ലെന്നാണ് ഭൂരിഭാഗം സംസ്ഥാന സര്‍ക്കാരുകളും അറിയിച്ചത്.

എല്ലാ സ്വകാര്യ ഭൂമികളും ഭൗതിക വിഭവങ്ങളാണോ എന്ന ചോദ്യം ഉന്നയിച്ച് 1992ല്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജികളിലാണ് കോടതിയുടെ ചരിത്രപരമായ വിധി. 1992ല്‍ ഫയല്‍ ചെയ്ത ഹരജി പിന്നീട് 2002ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫര്‍ ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒന്നിലധികം നിയമ തടസ്സങ്ങള്‍ക്ക് ഒടുവില്‍ 2024ലാണ് ഹര്‍ജി പരിഗണിച്ചത്.