Fri. Nov 22nd, 2024

 

മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി എന്‍സിപി നേതാവ് ശരദ് പവാര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മുമ്പോട്ട് പോകുമെന്നും ശരദ് പവാര്‍ ചൊവ്വാഴ്ച ബരാമതിയില്‍ വെച്ച് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു.

‘ഞാന്‍ അധികാരത്തില്‍ ഇല്ല. എന്നാല്‍ രാജ്യസഭയില്‍ ഉണ്ടാകും. ഒന്നരവര്‍ഷത്തോളം കാലാവധി ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും ഞാന്‍ മത്സരിക്കില്ല’, യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ ശരദ് പവാര്‍ പറഞ്ഞു.

‘ഞാന്‍ പതിനാല് തവണ തവണ മത്സരിച്ചു. ഒരിക്കല്‍ പോലും നിങ്ങളെന്നെ തിരികെ വീട്ടിലേക്ക് അയച്ചിട്ടില്ല. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തിരഞ്ഞെടുത്തു. പക്ഷെ, ഇപ്പോള്‍ എനിക്കെവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. എന്നാല്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും എന്നല്ല. എനിക്ക് അധികാരം വേണ്ട. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.

നിങ്ങളെന്നെ ഒന്നോ രണ്ടോ തവണയല്ല, നാല് തവണയാണ് മുഖ്യമന്ത്രിയാക്കിയത്. 1967 ല്‍ എന്നെ നിങ്ങള്‍ തിരഞ്ഞെടുത്തു. 25 വര്‍ഷക്കാലം ഞാന്‍ ഇവിടെ പ്രവര്‍ത്തിച്ചു. ഇനി ഭാവി നോക്കാനുള്ള സമയമാണ്. അടുത്ത 30 വര്‍ഷത്തേക്കാവശ്യമായ നേതാക്കളെ വളര്‍ത്തിക്കൊണ്ട് വരാനുണ്ട്’, പവാര്‍ പറഞ്ഞു.

നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശരദ് പവാര്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ കാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളും കേന്ദ്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1999 ലാണ് പവാര്‍ എന്‍സിപി രൂപീകരിക്കുന്നത്. 2023 ല്‍ എന്‍സിപി പിളര്‍ന്ന് അജിത് പവാറിന്റെ നേതൃത്വത്തില്‍ പുതിയൊരു എന്‍സിപി രൂപീകരിച്ചിരുന്നു.

നേരത്തെ എന്‍സിപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് ശരദ് പവാര്‍ ഞെട്ടിച്ചിരുന്നു. അനന്തരവന്‍ അജിത് പവാര്‍ ബിജെപിയുമായി ധാരണയുണ്ടാക്കുന്നു എന്ന തിരിച്ചറിവിന് പിന്നാലെയായിരുന്നു അദ്ദേഹം 2023ല്‍ എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം രാജി പിന്‍വലിച്ച് വീണ്ടും എന്‍സിപി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു.