Fri. Nov 22nd, 2024

 

വാഷിങ്ടണ്‍: ആണവായുധ പദ്ധതിക്ക് വേഗം കൂട്ടുന്നുവെന്ന് യുഎന്നിനെ അറിയിച്ച് ഉത്തരകൊറിയ. ഈ വര്‍ഷം രണ്ട് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ആണവായുധ പദ്ധതികള്‍ ത്വരിതപ്പെടുത്തുമെന്ന് ഉത്തരകൊറിയ അറിയിച്ചിരിക്കുന്നത്.

യുഎന്നിലെ ഉത്തരകൊറിയയുടെ അംബാസിഡറായ കിം സോങാണ് സെക്യൂരിറ്റി കൗണ്‍സിലില്‍ ഇക്കാര്യം പറഞ്ഞത്. ആണവായുധ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ഉത്തരകൊറിയ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായാണ് സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ത്തത്. കടലിന് നേരെ ഉത്തരകൊറിയ നിരവധി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി നേരത്തെ ദക്ഷിണകൊറിയയുടെ സംയുക്ത സൈനിക മേധാവി പറഞ്ഞിരുന്നു.

ജപ്പാന്റെ കോസ്റ്റ്ഗാര്‍ഡ് ഉത്തരകൊറിയ നടത്തിയത് ബാലിസ്റ്റ് മിസൈല്‍ പരീക്ഷണമാണെന്നും വ്യക്തമാക്കിയിരുന്നു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്താണ് മിസൈല്‍ പതിച്ചതെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.

അതേസമയം, ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി യുഎസും യുക്രെയ്‌നും രംഗത്തെത്തിയിരുന്നു. റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ 8,000 സൈനികരെ വിന്യസിച്ചതിലാണ് നടപടി. റഷ്യന്‍ സൈന്യത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയ സൈനികരെ ഇറക്കിയത്.