Fri. Nov 22nd, 2024

 

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വഴി രാഹുല്‍ ഗാന്ധിയെ കാണാനും സ്വാധീനിക്കാനും വ്യവസായി ഗൗതം അദാനി ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ ഉന്നത നേതാക്കളായ അഹമ്മദ് പട്ടേല്‍, കമല്‍നാഥ് എന്നിവര്‍ വഴിയായിരുന്നു അദാനിയുടെ ശ്രമം.

എന്നാല്‍, ഇതില്‍ അദാനി വിജയിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയുടെ ‘ദി ഇലക്ഷന്‍ ദാറ്റ് സര്‍പ്രൈസ്ഡ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ പറയുന്നത്. ഇടതു നേതാക്കള്‍ രാഹുലിനെ തനിക്കെതിരായ ചില കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചെന്നും മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ അവര്‍ രാഹുലിനെ കരുവാക്കുകയായിരുന്നുവെന്നാണ് അദാനിയുടെ ബോധ്യമെന്നും പുസ്തകത്തിലുണ്ട്.

റോബര്‍ട്ട് വാദ്ര വഴിയും രാഹുലിനെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. ഇതിനായി മുന്ദ്ര തുറമുഖത്തേക്ക് റോബര്‍ട്ട് വാദ്രയെ ക്ഷണിക്കുകയും ചെയ്തു. രാഹുലുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനേയും അദാനി സമീപിച്ചു.

എന്നാല്‍, വിഷയത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്ന ശരത് പവാര്‍ മധ്യസ്ഥന്റെ റോളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നും രാജ്ദീപ് സര്‍ദേശായി പുസ്തകത്തില്‍ പറയുന്നുണ്ട്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദാനിയുടെ വിമാനത്തില്‍ മോദി സഞ്ചരിച്ചത് ചങ്ങാതിക്കൂട്ടായ്മയുടെ തെളിവായാണ് രാഹുല്‍ സ്വീകരിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യയെ ചങ്ങാത്ത മുതലാളിമാര്‍ കീഴടക്കുന്നുവെന്ന് രാഹുലിന് ശക്തമായ തോന്നലുണ്ടായെന്ന് ഗാന്ധി കുടുംബത്തിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് രാജ്ദീപ് സര്‍ദേശായി പുസ്തകത്തില്‍ പറയുന്നുണ്ട്.

രാഹുല്‍ ഗാന്ധി തങ്ങളെ നിരന്തരമായി വിമര്‍ശിക്കുമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അജണ്ട പലപ്പോഴും നിശ്ചയിച്ചിരുന്നത് ജയ്‌റാം രമേശായിരുന്നുവെന്നും അദാനി വിശ്വസിച്ചിരുന്നു. ഇതിന്റെ പേരില്‍ ജയ്‌റാം രമേശിനോട് അദാനിക്ക് ദേഷ്യമുണ്ടായിരുന്നുവെന്നും രാജ്ദീപ് സര്‍ദേശായി പുസ്തകത്തില്‍ വ്യക്തമാക്കുന്നു.