Sun. Dec 22nd, 2024

 

ഒട്ടാവ: ഖലിസ്താന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കാനഡ. ഹരീന്ദര്‍ സോഹിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഖലിസ്താനി പ്രതിഷേധക്കാര്‍ ഹിന്ദു സഭ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി.

ഹിന്ദു സഭ ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധം നടത്തിയ ആളുകളുടെ കൂട്ടത്തില്‍ ഹരീന്ദര്‍ സോഹിയും ഉണ്ടായിരുന്നു. ഖലിസ്താന്‍ പതാകയുമായി ഹരീന്ദര്‍ സോഹി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്.

സസ്‌പെന്‍ഷന് പിന്നാലെ ഹരീന്ദര്‍ സോഹിക്ക് സമൂഹമാധ്യങ്ങളിലൂടെ വധഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനുള്ള സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നും പൊലീസ് സേനയുടെ വക്താവ് റിച്ചാര്‍ഡ് ഛിന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ പതാകകളുമായെത്തിയവരാണ് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെയാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്.