Sun. Dec 22nd, 2024

 

നെയ്യാറ്റിന്‍കര: ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ഉപയോഗിച്ചത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് മെഡിക്കല്‍ സംഘം കോടതിയില്‍. നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.

നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. 2022 ഒക്ടോബര്‍ 14 ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ആണ്‍ സുഹൃത്തായ ഷാരോണ്‍ രാജിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.

വിഷം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പാരക്വിറ്റ് വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി. ഗ്രീഷ്മ വിഷത്തിന്റെ പ്രവര്‍ത്തനരീതി ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

ഷാരോണിന് വിഷം കലര്‍ത്തി നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരില്‍ പാരസെറ്റമോള്‍ ഗുളികകള്‍ കലര്‍ത്തിയ പഴച്ചാര്‍ നല്‍കിയിരുന്നു. ഇത് നല്‍കുന്നതിന് മുന്‍പും ഗ്രീഷ്മ പലപ്രാവശ്യം പാരസെറ്റമോള്‍ എത്ര അളവില്‍ നല്‍കിയാലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് മനസ്സിലാക്കിയിരുന്നതായി പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കി. സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത്കുമാറാണ് പ്രോസിക്യൂഷനായി കോടതിയില്‍ ഹാജരാകുന്നത്.

ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോണ്‍ രാജും തമിഴ്നാട് ദേവിയോട് സ്വദേശിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആര്‍മി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയാണ്.