Wed. Jan 22nd, 2025

 

തൃശ്ശൂര്‍: തനിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടുകള്ളനാണ് ആന്റോ അഗസ്റ്റിനെന്നും അവര്‍ ആരോപിച്ചു. തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തനിക്കുവേണ്ടി മുറി ബുക്ക് ചെയ്‌തെന്നത് അടക്കമുള്ള ആന്റോ അഗസ്റ്റിന്റെ പ്രസ്താവനയ്‌ക്കെതിരേയും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലിലെ മുറി ശോഭാ സുരേന്ദ്രനുവേണ്ടി ആന്റോ അഗസ്റ്റിന്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍ണമെന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രസ്തുത ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ തന്നെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ച് താന്‍ ചാനല്‍ മേധാവിയെ വിളിച്ചെന്ന ആരോപണവും ശോഭ നിഷേധിച്ചു. വിളിച്ച നമ്പര്‍, സമയം, ദിവസം എന്നിവ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു.

ആന്റോ പറഞ്ഞത് 500 തവണ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി എന്നാണ്. 500 പോയിട്ട് അഞ്ച് തവണയെങ്കിലും താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതിന്റെ എന്തെങ്കിലും ഒരു തെളിവ് ഹാജരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പൊന്നാനിയില്‍ പോലീസുകാര്‍ക്കെതിരായുള്ള വ്യാജ ബലാല്‍സംഗം കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ കൊടുത്ത് പൊലീസിനെതിരെ മൊഴി കൊടുപ്പിച്ചത് ആന്റോ അഗസ്റ്റിന്‍ ആണെന്നും ശോഭ ആരോപിച്ചു.

താന്‍ ആന്റോയ്ക്ക് ഇട്ടിട്ടുള്ള പേര് മരംകൊത്തി എന്നാണ്. മാംഗോ ഫോണിന്റെ പേരിലും കോടിക്കണക്കിന് രൂപ ആന്റോ തട്ടി. മലപ്പുറത്ത് നിരവധി കേസുകള്‍ ഉണ്ട്. ആന്റോ തന്നെ കാണാന്‍ വന്നത് ബിജെപിയിലേക്ക് ഒരു പാസ് വേണം എന്ന് പറഞ്ഞാണ് . തന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. 24 ലും റിപ്പോര്‍ട്ടര്‍ ചാനലിലും തന്റെ മുഖം കാണിക്കാന്‍ പാടില്ലെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സതീഷിന്റെ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തുവിട്ട ഫോട്ടോ തന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണെന്നും സതീഷിന്റെ വീടിന്റെ ഉള്‍ഭാഗമല്ലെന്നും ശോഭ വ്യക്തമാക്കി. സഹോദരിയുടെ വീട്ടിലെ അതേ കര്‍ട്ടന്‍ അതേ സോഫ സതീഷ് വീട്ടില്‍ ഉണ്ടാക്കിയെടുത്തതാണ്. ഫോട്ടോയില്‍ സ്വിച്ച് ബോര്‍ഡ് എഡിറ്റ് ചെയ്തു കയറ്റിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.