Tue. Jan 21st, 2025

മലപ്പുറം: മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ വെച്ചാണ് ജീവനക്കാരന് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ഓരോ സെക്ഷനായി നടക്കുന്നതിനിടെ ഒരു സെക്ഷനിലെ റാക്കിൽനിന്ന് പാമ്പുകടിച്ചത്. ജൗഹറിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടി. കടിച്ചത് വിഷമില്ലാത്ത ഇനമായ മോൺടെൻ ട്രിൻകറ്റ് വിഭാഗത്തിൽപ്പെട്ട പാമ്പാണെന്ന് വിദഗ്ധർ അറിയിച്ചു. ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിനു പിൻഭാഗത്തുള്ള ശിക്ഷക് സദൻ കെട്ടിടത്തിലാണ് താത്കാലികമായി ഡി.ഡി.ഇ. ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാൽ അടുത്തകാലത്തായി ഇങ്ങോട്ട് മാറുകയായിരുന്നു. ഈ കെട്ടിടത്തിനടുത്തുള്ള ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ തകർന്ന കെട്ടിടം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ്.

കെട്ടിടത്തിൻ്റെ കാലപ്പഴക്കം കാരണം മേൽക്കൂര തകർന്ന് അപകടാവസ്ഥയിലാണ്. നാല് ദിവസം മുമ്പ് പരിസരത്ത് അണലിയെ കണ്ടതായും പറയുന്നു. പത്ത് ദിവസം മുമ്പ് സമീപത്ത് പെരുമ്പാമ്പിനെ കാണുകയും ആളുകളെ കണ്ട പാമ്പ് കെട്ടിടത്തിനകത്തേക്ക് കയറുകയും ചെയ്തിരുന്നു.