Sat. Dec 21st, 2024

കോട്ടയം: സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയൻ. അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു.

അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പായാണ് മാർ തോമസ് തറയിൽ ചുമതലയേറ്റത്. രാവിലെ 9 മണിക്ക് സെന്റ് മേരീസ് മെത്രാപോലീത്തന്‍ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കേരളത്തിലെ സീറോ മലബാർ സഭയുടെ പുരാതനമായ അതിരൂപതകളിലൊന്നാണ് ചങ്ങനാശ്ശേരി അതിരൂപത. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വലിയ അതിരൂപതയാണിത്. പ്രശസ്ത തീർഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളിയുൾപ്പെടെ ഈ അതിരൂപതയുടെ കീഴിലാണ്.

സ്ഥാനാരോഹണ ചടങ്ങുകൾക്കു ശേഷം ചങ്ങനാശേരിയിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണവും നടത്തും. ചെറുപ്പക്കാരനായ മാർ തോമസ് തറയിൽ (52) 2017ൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായിട്ടാണ് നിയമിക്കപ്പെട്ടത്. ഏഴ് വർഷം പൂർത്തിയായപ്പോൾ അതിരൂപത മെത്രാപ്പോലീത്തയായും നിയമനം ലഭിച്ചത് അപൂർവ സംഭവമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനവും നടന്നു.