Sat. Jan 18th, 2025

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. ഈ സമയം സീപോർട്ട് റോഡിലെ വള്ളത്തോൾ ജംഗ്ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസ് ലോറിക്കു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുള്ള കടയോടു ചേർന്ന് ഇടിച്ചാണ് നിന്നത്. അപകടം നടന്നത് രാവിലെയായതിനാൽ തന്നെ വിദ്യാർത്ഥികളും ജോലിക്കാരും ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്തിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ അടക്കമുള്ളവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ മരിച്ച സ്ത്രീയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം.