Sat. Nov 23rd, 2024

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവ് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യംചെയ്തു. ഇതേത്തുടർന്ന് സിപിഎം ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

തൻമയ് ഭട്ടാചാര്യക്കുനേരേ ഉയർന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായക്ക്‌ ഏറെ കോട്ടംതട്ടിയെന്നും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന പെരുമാറ്റം ഇതല്ലെന്നും സിപിഎം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പാർട്ടിയുടെ ആഭ്യന്തര പരാതി സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്നും വിശദീകരിച്ചു. പക്ഷേ ഇത്തരം ആഭ്യന്തര അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം തെളിയിക്കാൻ പോലീസും കോടതിയും ആവശ്യമില്ലല്ലോ എന്ന് പരാതിക്കാരിയായ മാധ്യമപ്രവർത്തക പറഞ്ഞു. അറുപത്തിയാറുകാരനായ തൻമയ് ഭട്ടാചാര്യ ഡംഡം ഉത്തറിൽനിന്നുള്ള മുൻനിയമസഭാംഗമാണ്. അദ്ദേഹത്തിന്റെ വീട്ടിൽ അഭിമുഖം നടത്താനെത്തിയപ്പോൾ ക്യാമറാമാന്റെ മുന്നിൽവെച്ച് തന്നെ അപമാനിച്ചെന്ന് യുട്യൂബ് മാധ്യമപ്രവർത്തക പരാതിപ്പെട്ടു. താൻ തമാശയായി പെരുമാറിയത് മാധ്യമപ്രവർത്തക തെറ്റിദ്ധരിച്ചതാണെന്നും അവർ തന്നെ മുൻപ് നാലഞ്ചുതവണ അഭിമുഖം നടത്തിയതാണെന്നും അന്നൊന്നും പരാതിപ്പെട്ടിട്ടില്ലെന്നും തൻമയ് ഭട്ടാചാര്യ പറഞ്ഞു. തന്റെ ബന്ധുവിന്റെ മുന്നിൽവെച്ചാണ്, പരാതി ഉന്നയിക്കുന്ന അഭിമുഖം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.