കണ്ണൂർ: നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.
തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.
പ്രായപൂര്‍ത്തിയാകാത്ത മകളും അസുഖബാധിതനായ അച്ഛനും വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയുടെ കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ വിലയിരുത്തിയിരുന്നത് എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയ്ക്കും സാധ്യതയുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഭീഷണിസ്വരമാണ് യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ ഉയർത്തിയത്. മാധ്യമങ്ങളെ ക്ഷണിച്ചതിന് പിന്നിൽ ഗൂഢോദ്ദേശമുണ്ട്. ദൃശ്യങ്ങൾ ചോദിച്ചുവാങ്ങി ദിവ്യ പ്രചരിപ്പിച്ചു. അഴിമതി പരാതിയുണ്ടെങ്കിൽ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാൻ ശ്രമിച്ചു. എഡിഎമ്മിനെക്കുറിച്ച് കളക്ടറോട് ഒക്ടോബർ 14ന് രാവിലെ ദിവ്യ പരാതി പറഞ്ഞെന്നും തെളിവില്ലാതെ അത് ഉന്നയിക്കുന്നരുതെന്ന് കളക്ടർ പറഞ്ഞെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ അജിത്കുമാറും നവീന്‍ ബാബുവിൻ്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ് റാല്‍ഫും ഹാജരായി.