Mon. Nov 4th, 2024

കണ്ണൂർ: നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റാരോപിതയായ പി പി ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി. കഴിഞ്ഞ ദിവസം രാത്രി അമിത രക്തസമ്മർദത്തെ തുടർന്നാണ് ചികിത്സ തേടിയത്.

പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയാനിരിക്കെയാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. അതേസമയം, പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്താനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയിൽ ദിവ്യയെ ഉൾപ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തിൽ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പിൽ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.