ചണ്ഡീഗഡ്: ഹരിയാനയില്‍ ഐപിഎസ് ഓഫീസര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിച്ചുവെന്ന് പരാതി. ഏഴ് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രി നയാബ് സിങ് സെയ്നി, എഡിജിപിമാര്‍, മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇമെയില്‍ വഴി പരാതി നല്‍കിയത്.
അതേസമയം, എസ്എച്ച്ഒയും ഡിഎസ്പിയും ഒരുമിച്ച് ഹണിട്രാപ് നടത്തുന്നതായും വനിതാ ഉദ്യോഗസ്ഥര്‍ പരാതിയില്‍ പറയുന്നു. ഒരു വനിതാ എസ്എച്ച്ഒ, വനിതാ ഡിഎസ്പി, ഒരു എസ്പി എന്നിവര്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ഹണി ട്രാപ്പില്‍ ഏര്‍പ്പെടുന്നതായും പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രതികൂലമായി രേഖപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
ജിന്ദ് എംഎല്‍എ കൃഷ്ണ മിധയുടെ ഇടപെടലിനെ തുടര്‍ന്ന് വിധവയായ ഒരു വനിതാ ഉദ്യോഗസ്ഥ രക്ഷപ്പെട്ടെങ്കിലും അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടിനെ ഇത് ബാധിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 19 വനിതാ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം പൂര്‍ത്തിയായാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് സൂപ്രണ്ട് ആസ്ത മോദി പറഞ്ഞു.
വനിതാ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് വനിതാ ഉദ്യോഗസ്ഥരെ കൊണ്ടുപോകാറുണ്ടെന്നും അവിടെ സ്ത്രീകള്‍ക്കെതിരായ നിരവധി സംഭവങ്ങളുണ്ടാവാറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.