ന്യൂഡല്‍ഹി: ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതായി റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഏറ്റവും ദുര്‍ബലരായിരിക്കുന്ന സാഹചര്യത്തില്‍ ഹിന്ദു ദേശീയവാദികള്‍ അവരെ ടാര്‍ഗെറ്റ് ചെയ്യുന്നതായി റെസ്റ്റ് ഓഫ് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ മരണം നടക്കുമ്പോള്‍ മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ മതം മാറണമെന്ന ആവശ്യവുമായാണ് വാട്‌സാപ്പ് വിജിലന്റ്‌സ് എത്തുന്നത്. ഇതിനായി അവര്‍ വാട്‌സാപ്പ് വഴി സന്ദേശങ്ങള്‍ കൈമാറുകയും മരണപ്പെട്ട വ്യക്തിയുടെ വീടുകളില്‍ അണികളുമായി എത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
ഛത്തീസ്ഗഢിലെ ജനസംഖ്യയുടെ 2% മാത്രമാണ് ക്രിസ്ത്യാനികള്‍. അതില്‍ വലിയൊരു ഭാഗം ബദപരകോട് ഗ്രാമത്തിലാണ് ഉള്ളത്. ഇവരെ കേന്ദ്രീകരിച്ച് വിശ്വഹിന്ദു പരിഷ്വത്തിന്റെ വലിയൊരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തന്റെ മാതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെയാണ് വിശ്വ ഹിന്ദു പരിഷത്ത് തങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതെന്ന് ബദപരകോട് ഗ്രാമനിവാസിയായ ജലധാര്‍ കശ്യപ് പറയുന്നു.
ഘാസിറാം ബാഗേല്‍ എന്ന വ്യക്തിയാണ് ദുര്‍ബലരായ ക്രിസ്ത്യാനികളുടെ സാഹചര്യം മുതലെടുത്ത് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകനാണ് ബാഗേല്‍. ഏകദേശം 50 ഗ്രാമങ്ങളില്‍ വിഎച്ച്പി ഇന്‍ഫോര്‍മന്റ് നെറ്റ്വര്‍ക്കിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും നിയന്ത്രിക്കാനും ബാഗേല്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നു.
താന്‍ അടുത്തിടെ ഒരു പുതിയ പള്ളിയുടെ കെട്ടിടം നശിപ്പിക്കുന്നത് ഏകോപിപ്പിക്കാന്‍ വാട്ട്സ്ആപ്പ് ഉപയോഗിച്ചിരുന്നു എന്ന് ബാഗേല്‍ ഒരു അഭിമുഖത്തില്‍ റെസ്റ്റ് ഓഫ് വേള്‍ഡിനോട് പറഞ്ഞു. ബസ്തറില്‍, വിഎച്ച്പിയില്‍ ആയിരക്കണക്കിന് അംഗങ്ങളുണ്ട്, 50 ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകളായി അവയെ തിരിച്ചിരിക്കുന്നു.
തുടര്‍ന്ന് അവയെ ഓരോ ചെറു ഗ്രൂപ്പുകളാക്കി മാറ്റുന്നു. ഓരോ ഗ്രൂപ്പും ഉപഗ്രൂപ്പും നിയന്ത്രിക്കുന്നത് ബാഗേലിനെപ്പോലെയുള്ള ഒരു ഡയറക്ടറാണ്. അവര്‍ വിവരങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുകയും അതിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു. അതുവഴി, 38,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വിഎച്ച്പിക്ക് പൗരന്മാരെ നിരീക്ഷിക്കാനും വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും കഴിയും.
മുസ്ലിം, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ നശിപ്പിക്കല്‍, പശുക്കളെ രക്ഷിക്കാനെന്ന വ്യാജേന മുസ്ലിങ്ങളെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക, ഹിന്ദു സ്ത്രീകളും മുസ്ലിം പുരുഷന്മാരും തമ്മിലുള്ള വിവാഹത്തെ എതിര്‍ക്കുക തുടങ്ങിയവയെല്ലാം വാട്ട്‌സ്ആപ്പിലൂടെ അവര്‍ പ്രൊമോട്ട് ചെയ്യുന്നു.