തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നേതൃത്വം അയച്ചുവെന്ന് പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മും ബിജെപിയുമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
‘കത്ത് സിപിഎമ്മിന്റെ പ്രൊപ്പഗന്റ മാത്രമാണ്. പാലക്കാട് കെ സുധാകരനും വിഡി സതീശനുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദേശിച്ചത്. സാധാരണ നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും’ ദീപാദാസ് മുന്‍ഷി പറഞ്ഞു.
സ്ഥാനാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയതോടെ ഈ ചോദ്യം തന്നെ അപ്രസക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം പുറത്തുവന്ന കത്തിന് ആധികാരികതയില്ലെന്നാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറയുന്നത്. ‘ഉപതെരഞ്ഞെടുപ്പില്‍ പലരെയും സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ട് കത്ത് പോയിട്ടുണ്ട്. ഡിസിസി ആവശ്യപ്പെട്ട പട്ടികയില്‍ വിടി ബല്‍റാമും കെ മുരളീധരനും ഒക്കെയുണ്ട്.
കത്ത് പുറത്തുവന്നത് കൊണ്ട് ഇപ്പോള്‍ ഒന്നും സംഭവിക്കില്ല. നാഥനില്ലാത്ത കത്ത് അവഗണിക്കുകയാണ് വേണ്ടത്. ആര്‍ക്ക് വേണമെങ്കിലും തയ്യാറാക്കാവുന്ന ഒന്നാണ് കത്ത് എന്നും’ തങ്കപ്പന്‍ പറഞ്ഞു.