Fri. Dec 27th, 2024

 

ഹൈദരാബാദ്: നീതി ആവശ്യപ്പെട്ട് പ്രതിഷേധ സമരം തുടരുന്നതിനിടെ സിര്‍സില്ല എസ്പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍. തെലങ്കാനയിലുടനീളം ഒരു പോലീസ് ഒരു സംസ്ഥാനം എന്ന നയം ആവശ്യപ്പെട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ നടത്തിയ സമരത്തിനിടെ നീതി തേടി കോണ്‍സ്റ്റബിളിള്‍ എസ്പിയുടെ കാലില്‍ വീണത്.

ആംഡ് റിസര്‍വിലെയും തെലങ്കാന സ്പെഷ്യല്‍ പോലീസിലെയും കോണ്‍സ്റ്റബിള്‍മാരുടെ പ്രതിഷേധത്തിനിടെ ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിളായ രാജന്ന സിര്‍സില്ലയാണ് എസ്പി അഖില്‍ മഹാജന്റെ കാലില്‍ വീണത്. പ്രതിഷേധ സമരം നടക്കുന്ന വിവരമറിഞ്ഞ് ടിജിഎസ്പി 17-ാം ബറ്റാലിയന്‍ സന്ദര്‍ശിച്ച എസ്പിയുടെ കാല്‍ക്കല്‍ വീണാണ് കോണ്‍സ്റ്റബിള്‍ നീതിക്കായി അപേക്ഷിച്ചത്.

മേലുദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ പോലും ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കോണ്‍സ്റ്റബിള്‍മാര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായ ചികിത്സയുടെയും തുല്യമായ തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് കോണ്‍സ്റ്റബിള്‍മാരുടെ പ്രതിഷേധം.

വാറങ്കലില്‍, നല്‍ഗൊണ്ടയില്‍, ഇബ്രാഹിംപട്ടണം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തം. അടിയന്തര പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പൊലീസ് കോണ്‍സ്റ്റബിള്‍മാരും അവരുടെ കുടുംബാംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ സമരം അടിച്ചമര്‍ത്തിയ പൊലീസ് ചിലരെ പ്രകടനത്തിനിടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഒരു നിശ്ചിത കാലയളവിലെത്തിയാല്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന തമിഴ്നാട് സര്‍ക്കാറിന്റെ നയം നടപ്പാക്കാനാണ് തെലങ്കാന കോണ്‍സ്റ്റബിള്‍മാര്‍ ആവശ്യപ്പെടുന്നത്. ഇത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കുന്നതിന് കാരണമാകും. പ്രതിഷേധ സമരത്തില്‍ നിരവധി സ്ത്രീകളും പങ്കെടുത്തു.

രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തില്‍ നിരവധി സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒത്തുകൂടി. വാറങ്കല്‍ ജില്ലയിലെ മാമന്നൂരിലെ നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍മാര്‍ ബറ്റാലിയന്‍ കമാന്‍ഡറുടെ ഓഫിസിന് പുറത്ത് തങ്ങളുടെ പരാതികള്‍ ഉന്നയിച്ച് കുത്തിയിരിപ്പ് സമരം നടത്തി.