Wed. Jan 22nd, 2025

 

തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം പുരോഗമിക്കവെ മുഖ്യമന്ത്രിയുടെ വിഷയത്തിലെ നിലപാടുമാറ്റം വിവാദമാകുന്നു. പൂരത്തിനിടെ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ ദിവസം പൂരം ആരും കലക്കിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

”പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തമാകുന്ന കാര്യം കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള കാര്യമായാണ് കാണാന്‍ കഴിയുക’, എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്.

”പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍?”, എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പൂരം കലങ്ങിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഒരു വാക്കില്‍ പിടിക്കേണ്ടതില്ല. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. കലക്കിയതിന് പിന്നിലെ സത്യങ്ങള്‍ പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.