Mon. Dec 23rd, 2024

ചെന്നൈ: ചെന്നൈയിൽ കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ രവീന്ദ്രനാഥിൻ്റെ മകൻ അരുൺ, നൈജീരിയൻ സ്വദേശി ജോൺ എസി, ചെന്നൈ സ്വദേശി എസ്.മഗല്ലൻ എന്നിവരെയാണ് നന്ദംപാക്കത്തു നിന്ന് സെന്റ് തോമസ് മൗണ്ട് പോലീസ് പിടികൂടിയത്.

ഇവരിൽ നിന്ന് 3.8 ഗ്രാം കൊക്കെയ്നും 1.02 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെത്താംഫെറ്റമിൻ നിർമിക്കുന്ന സംഘത്തെ പിടികൂടി ഏതാനും ദിവസങ്ങൾക്കകമാണ് മുൻ പൊലീസ് മേധാവിയുടെ മകൻ അടക്കമുള്ളവരെ ലഹരി കൈവശം വച്ചതിന് അറസ്റ്റ് ചെയ്യുന്നത്. 2001ൽ സംസ്ഥാന പോലീസ് മേധാവിയായിരിക്കേ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർ‍ന്ന് രവീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തിരുന്നു.