Mon. Dec 23rd, 2024

 

വാഷിങ്ടണ്‍: പ്രമുഖ ഫുഡ് ബ്രാന്റായ മക്‌ഡൊണാള്‍ഡ്സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചതിന് പിന്നാലെ ഒരാള്‍ മരിക്കുകയും 49 പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും പത്തു പേര്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ബര്‍ഗറിലുണ്ടായിരുന്ന ഇ-കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. 10 സ്റ്റേറ്റുകളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായാണ് യുഎസ് രോഗ നിയന്ത്രണ സമിതി പുറത്തുവിട്ട വിവരം.

രോഗബാധിതരായ എല്ലാവരും അസുഖത്തിന് തൊട്ടുമുമ്പായി മക്‌ഡൊണാള്‍ഡ്സില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നുവെന്ന് യുഎസ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ മിക്കവരും ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചതായി അറിയിച്ചിട്ടുണ്ട്. ബര്‍ഗറിലെ ചേരുവ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. എന്നാല്‍ ബര്‍ഗറിനകത്ത് ഉപയോഗിച്ച ഉള്ളി, ബീഫ് എന്നിവയായിരിക്കാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.

മക്‌ഡൊണാള്‍ഡ്സിലെ സംഭവത്തിന് പിന്നാലെ നിരവധി യുഎസ് ഫാസ്റ്റ്ഫുഡ് ശൃംഖലകള്‍ അവരുടെ മെനുവില്‍ നിന്ന് ഉള്ളി പിന്‍വലിക്കാന്‍ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബര്‍ഗര്‍ കിംഗിന്റെ മാതൃ കമ്പനിയായ റെസ്റ്റോറന്റ് ബ്രാന്‍ഡ് ഇന്റര്‍നാഷണലും കെഎഫ്സി, പിസ്സ ഹട്ട്, ടാക്കോ ബെല്‍ എന്നിവ നടത്തുന്ന യം ബ്രാന്‍ഡുകളും മുന്‍കരുതല്‍ നടപടിയായി ഉള്ളി നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചു.

അതേസമയം, മുന്‍കരുതലെന്നോണം ബര്‍ഗറില്‍ നിന്നും ഉള്ളിയും മാംസങ്ങളും മക്‌ഡൊണാള്‍ഡ്സ് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ മെനുവില്‍ നിന്നും താല്‍കാലികമായി ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ പിന്‍വലിച്ചു. ഭക്ഷ്യ വിഷബാധ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മക്‌ഡൊണാള്‍ഡ്സിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. ആറ് ശതമാനത്തോളം ഇടിവ് നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ടെയ്ലര്‍ ഫാംസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഉള്ളി മക്‌ഡൊണാള്‍ഡ്സിന് സപ്ലേ ചെയ്തത്. ബര്‍ഗര്‍ കിങ്ങിലേയ്ക്കും ടെയ്ലര്‍ ഫാംസാണ് ഉള്ളി സപ്ലേ ചെയ്യുന്നതെങ്കിലും ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, പുതിയ ഉള്ളിയാണ് മക്‌ഡൊണാള്‍ഡ്സിലെ രോഗബാധയ്ക്ക് കാരണമായത് എന്ന് യുഎസ് കൃഷി വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.