Tue. Jan 21st, 2025

 

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ഷര്‍ജീല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ജാമ്യാപേക്ഷ കേള്‍ക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ജാമ്യം തേടിയ ഹര്‍ജി പരിഗണിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

‘അടുത്ത തീയതിയില്‍ കഴിയുന്നത്ര വേഗത്തില്‍ ജാമ്യാപേക്ഷ കേള്‍ക്കാന്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കാന്‍ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ട്, പ്രസ്തുത അപേക്ഷ ഹൈക്കോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ കോടതി നിരീക്ഷിച്ചു.

ഷര്‍ജീലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ, 2022 മുതല്‍ ജാമ്യാപേക്ഷ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണെന്ന് കോടതിയെ അറിയിച്ചു. നവംബര്‍ 25 ന് ഹൈക്കോടതി കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഹൈക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ എന്തിനാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതെന്ന് ആദ്യം ബെഞ്ച് ഷര്‍ജീലിന്റെ അഭിഭാഷകനോട് ചോദിച്ചു. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷയില്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് സിദ്ധാര്‍ത്ഥ് ദവെ പറഞ്ഞു. ജാമ്യാപേക്ഷ വേഗത്തിലാക്കാനുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും കോടതിയെ അറിയിച്ചു.

ദേശീയ അന്വേഷണ ഏജന്‍സി നിയമത്തിലെ സെക്ഷന്‍ 21(2) പ്രകാരം മൂന്ന് മാസത്തിനകം ഹൈക്കോടതി അപ്പീല്‍ തീര്‍പ്പാക്കണമെന്ന് ഉത്തരവുണ്ടെന്ന് ദവെ ചൂണ്ടിക്കാട്ടി. ജാമ്യം നിരസിച്ചതിനെ ചോദ്യം ചെയ്തുള്ള ഇമാമിന്റെ അപ്പീല്‍ 2022 ഏപ്രില്‍ 29 ന് ഫയല്‍ ചെയ്തു. ഇത് 64 തവണ മാറ്റിവച്ചു. ഹര്‍ജിക്കാരന്‍ 8 പോസ്റ്റിംഗുകള്‍ക്ക് സമയം തേടിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

53 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2020 ഫെബ്രുവരി ഡല്‍ഹി കലാപത്തിന് പിന്നില്‍ ഗൂഢാലോചനയുടെ സൂത്രധാരന്മാരെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാര്‍ജീലിനും മറ്റ് നിരവധി പേര്‍ക്കുമെതിരെ യുഎപിഎ, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം കര്‍ശനമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സിഎഎയ്ക്കും എന്‍ആര്‍സിക്കും എതിരായ പ്രതിഷേധത്തിനിടെയാണ് ഡല്‍ഹിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്.