Sun. Dec 22nd, 2024

 

ടെഹ്റാന്‍: ഇസ്രായേലിനെ കടന്നാക്രമിച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി ഹുസൈന്‍ സലാമി. ഇസ്രായേല്‍ ആത്മഹത്യയുടെ വക്കിലാണെന്നും സയണിസ്റ്റ് അസ്തിത്വം സ്വന്തം ശവക്കുഴി തോണ്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഭരണകൂടങ്ങളിലൊന്നായി ഇസ്രായേല്‍ മാറിയിരിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ഒഴികെ ഒരു രാഷ്ട്രീയക്കാരും അവിടം സന്ദര്‍ശിക്കാന്‍ തയ്യാറല്ലെന്നും ഹുസൈന്‍ സലാമി പറഞ്ഞു. യുഎസിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇസ്രായേലിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും സലാമി പറഞ്ഞു.

‘സയണിസ്റ്റുകള്‍ ഇപ്പോള്‍ ചെയ്തുകൂട്ടുന്നതിനെല്ലാം വലിയ വില നല്‍കേണ്ടി വരും. ഈ ഭൂമുഖത്ത് നിന്ന്തന്നെ അവര്‍ മായ്ക്കപ്പെടും. ക്രൂരമായ നിലപാട് സ്വീകരിക്കുന്ന സയണിസ്റ്റുകള്‍ക്കെതിരെ ലെബനാനിലേയും ഫലസ്തീനിലേയും യുവാക്കള്‍ സംഘടിക്കും. അവര്‍ക്കൊപ്പം ഈ ലോകത്തിന്റെ നാനാതുറയില്‍ നിന്നുള്ള യുവാക്കളും അണിനിരക്കും.’, സലാമി പറഞ്ഞു.

സയണിസ്റ്റുകളെ തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സലാമി, ശത്രുക്കളെ തങ്ങള്‍ക്ക് ഭയമില്ലെന്നും സ്വയം ആത്മവിശ്വാസം സൂക്ഷിക്കുന്നവരാണ് തങ്ങളെന്നും പ്രതികരിച്ചു. ഇതിനു മുമ്പും ഇസ്രായേലിനെതിരെ സലാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേലിനെ തകര്‍ക്കുമെന്നായിരുന്നു മുന്നറിയിപ്പ്.