Wed. Jan 22nd, 2025

 

ബെയ്‌റൂത്ത്: ദക്ഷിണ ലെബനാനില്‍ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. റിസര്‍വ് സൈനികരായ മേജര്‍ ഡാന്‍ മാവോറി (43), ക്യാപ്റ്റന്‍ അലോന്‍ സഫ്രായ് (28), വാറന്റ് ഓഫീസര്‍മാരായ ഒംരി ലോതന്‍ (47), ഗയ് ഇദാന്‍ (51), മാസ്റ്റര്‍ സര്‍ജന്റ് ടോം സെഗല്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇസ്രായേലിന് നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുള്ള അറിയിച്ചതിനു പിന്നാലെയാണ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടാവുന്നത്.

ദക്ഷിണ ലബനാനിലെ 8-ാം ആംഡ് ബ്രിഗേഡിന്റെ 89-ാം ബറ്റാലിയന്‍ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും. ഡെപ്യൂട്ടി ബറ്റാലിയന്‍ കമാന്‍ഡറായിരുന്നു മാവോറി. വ്യാഴാഴ്ച തെക്കന്‍ ലെബനാന്‍ ഗ്രാമത്തിലെ ഒരു കെട്ടിടത്തില്‍ ഹിസ്ബുള്ള വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു.

ഇതോടെ, സെപ്തംബര്‍ 30ന് കരയാക്രമണം ആരംഭിച്ച ശേഷം ലെബനാനില്‍ ഹിസ്ബുള്ള ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഇസ്രായേല്‍ സൈനികരുടെ എണ്ണം 32 ആയി. കഴിഞ്ഞയാഴ്ച അഞ്ച് ഇസ്രായേല്‍ സൈനികര്‍ ഹിസ്ബുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു. ആക്രമണത്തില്‍ മറ്റൊരു ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.