Sun. Dec 22nd, 2024

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല . യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ആണ് ദിവ്യയുടെ അഭിഭാഷകൻ പറയുന്നത്.

അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പിപി ദിവ്യ കോടതിയിൽ ഉയർത്തുന്ന വാദങ്ങൾ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആണ് വാദങ്ങൾ നടക്കുന്നത്. ആരെങ്കിലും പരാതി നൽകിയാൽ, അത് ബോധ്യപ്പെട്ടാൽ മിണ്ടാതിരിക്കണോ? എഡിഎമ്മിനെതിരെ രണ്ട് പരാതികൾ ലഭിച്ചിരുന്നു. പ്രശാന്തന് മുമ്പ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് എഡിമ്മിനെതിരെ ഗംഗാധരനും പരാതി നൽകിയിരുന്നു. പ്രശാന്തൻ എഡിഎമ്മിന് കൈക്കൂലി നൽകി എന്ന് പറഞ്ഞു, അത് ബോധ്യപ്പെട്ടപ്പോൾ മിണ്ടാതിരിക്കാൻ പറ്റില്ലലോ? വിവാദമായത് കണ്ണൂർ ജില്ലാ കലക്ടർ പങ്കെടുത്ത ഔദ്യോഗിക പരിപാടിയാണ്. കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ വന്നിരുന്നത് എന്നാൽ അത് ഔദ്യോഗിക ക്ഷണം ആയിരുന്നില്ല, മറ്റൊരു പരിപാടിയിൽ വെച്ചായിരുന്നു കലക്ടർ ക്ഷണിച്ചത്. പരിപാടിയിൽ സംസാരിക്കാൻ ഡെപ്യൂട്ടി കലക്ടറാണ് വിളിച്ചത്.

അഴിമതി കണ്ടപ്പോൾ നടത്തിയ പരാമർശം എങ്ങനെയാണ് ആത്മഹത്യക്ക് പ്രേരണയാവുക? എഡിഎമ്മിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തണമെന്ന് യോഗത്തിൽ പിപി ദിവ്യ അഭ്യർത്ഥിക്കുകയാണ് ചെയ്തത്. ഒരു ഫയൽ എന്നാൽ മനുഷ്യൻ്റെ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും കോടതിയിൽ ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ പരാമർശിച്ചു. ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകൾ അഭിഭാഷകൻ കോടതിയെ വായിച്ചു കേൾപ്പിച്ചു. യോഗത്തിനു വരുന്നില്ലേ എന്ന് കളക്ടർ ചോദിച്ചിരുന്നു.

അതാണ്‌ യാത്രയയപ്പ് യോഗത്തിന് എത്തിയത്. തന്നെ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടർ ആണെന്നും ദിവ്യ ബോധിപ്പിച്ചു. ഉത്തരവാദിത്തമുള്ള പൊതുപ്രവർത്തകയാണ് ദിവ്യ എന്ന വാദമാണ് കോടതിയിൽ പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവച്ചു. അഴിമതിക്ക് എതിരെ ശക്തമായ നിലപാടാണ് ദിവ്യ എടുത്തത്. അഞ്ച് വർഷക്കാലം വൈസ് പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ പ്രസിഡൻ്റ് ആയിരുന്നു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണെന്ന് വാദിച്ചു. പ്രതിഭാഗം വാദം കഴിഞ്ഞാണ് പ്രോസിക്യൂഷൻ വാദം നടക്കുക. പ്രോസിക്യൂഷൻ നിലപാട് നിർണായകമാകും. ജാമ്യഹർജി തള്ളിയാൽ ദിവ്യ അറസ്റ്റിലാകും. എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ കളക്ടർ, കേസിലെ പ്രതി പ്രശാന്തൻ എന്നിവരുടെ മൊഴി എടുത്ത പോലീസ് ദിവ്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഒളിവിലാണ് എന്നാണ് പോലീസ് വാദം. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം വരാനാണ് പോലീസ് കാത്തിരിക്കുന്നത്. പോലീസ് റിപ്പോർട്ട് ദിവ്യക്ക് എതിരാണെന്നാണ് സൂചന.