Thu. Oct 24th, 2024

അമേരിക്കൻ നടൻ റോൺ ഇലി അന്തരിച്ചു. 86 വയസായിരുന്നു. മകൾ കിർസ്റ്റിൻ കാസലെ ഇലി ആണ് മരണവാർത്ത പുറത്തുവിട്ടത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

‘ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു’ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. തന്റെ അച്ഛന്റെ സ്‌നേഹം മനസിലാക്കിയാൽ ഈ ലോകം കൂടുതൽ തിളക്കമുള്ളതും അർത്ഥവത്തായതുമാകും എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്.

1966 മുതൽ 1968 വരെ എൻബിസി സംപ്രേഷണം ചെയ്ത ടാർസൻ സീരീസിൽ ടാർസന്റെ വേഷത്തിലെത്തിയത് റോൺ ആയിരുന്നു. സീരീസിന്റെ ഷൂട്ടിങ്ങിനിടെ നിരവധി പരിക്കുകളും അദ്ദേഹത്തിന് പറ്റി. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനെ വന്യമൃഗം ആക്രമിക്കുകയും അസ്ഥികൾ തകരുകയും ചെയ്തു. 2001ൽ അദ്ദേഹം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് എഴുത്തുകാരനായി. രണ്ട് നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ൽ എക്‌സ്‌പെക്റ്റിങ് അമീഷ് എന്ന ചിത്രത്തിൽ വേഷമിട്ടു. ലവ് ബോട്ട്, വണ്ടർ വുമൺ, ഫാന്റസി വുമൺ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു.