Wed. Jan 22nd, 2025

ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മാറ്റിവച്ചത്

ണ്ടു വര്‍ഷത്തിലേറെയായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ടല്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. മമതയുടെ വിശ്വസ്തനായ അനുബ്രത മൊണ്ടല്‍ പശ്ചിമ ബംഗാളില്‍ പശുക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റിലായത്.

കള്ളപ്പണ കേസില്‍ 2022 മെയില്‍ അറസ്റ്റിലായ ആം ആദ്മി നേതാവും ഡല്‍ഹി മുന്‍ ആരോഗ്യ മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് ഉപാധികളോടെ റൗസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ ഇതുവരെ ആരംഭിക്കാത്ത സാഹചര്യവും ഏറെനാളായുള്ള ജയില്‍വാസവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസിലെ പ്രതിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കവെ, അതിവേഗ വിചാരണ പ്രതിയുടെ അവകാശമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ബാധകമാവാതെ ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 2020 സെപ്റ്റംബറില്‍ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തതിനുശേഷം 1,500 ദിവസം വിചാരണയില്ലാതെ ജയിലില്‍ കഴിയുന്ന ഒരാളുണ്ട്. അദ്ദേഹത്തിന്റെ പേരാണ് ഉമര്‍ ഖാലിദ്.

”1,500 ദിവസങ്ങള്‍ക്കുള്ളില്‍, ഒരാള്‍ക്ക് ബിരുദം പൂര്‍ത്തിയാക്കാം, ജോലിയില്‍ അനുഭവങ്ങള്‍ നേടാം, കൗമാരക്കാര്‍ മുതിര്‍ന്നവരായി മാറുന്നു, ശാസ്ത്രീയ പരീക്ഷണങ്ങള്‍ അവസാനിച്ചേക്കാം. 1,500 ദിവസങ്ങള്‍ ഒരു നീണ്ട സമയമാണ്. വിചാരണ കൂടാതെ, ജാമ്യമില്ലാതെ ഉമറും മറ്റുള്ളവരും എത്ര നാളായി ജയിലില്‍ കഴിയുന്നു,” ആഴ്ചയിലൊരിക്കല്‍ ഉമറിനെ തീഹാര്‍ ജയിലില്‍ സന്ദര്‍ശിക്കുന്ന പങ്കാളിയായ ബനോജ്യോത്സ്ന ലാഹിരി ഇങ്ങനെ എഴുതി. ഉമറിന്റെ തടവുജീവിതത്തിന്റെ 1500 ദിവസമാണ് ബനോജ്യോത്സ്ന ലാഹിരി ഇങ്ങനെ കുറിച്ചത്.

ബനോജ്യോത്സ്ന ലാഹിരി Screengrab, Copyright: The Hindu

ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മാറ്റിവച്ചത്. സെഷന്‍സ് കോടതി രണ്ടു തവണയും ഡല്‍ഹി ഹൈക്കോടതി ഒരു തവണയും ജാമ്യം തള്ളി. ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഉമറിനെതിരെ ഡല്‍ഹി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഒന്ന് ഒഴിവാക്കി, മറ്റൊന്നില്‍ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. എന്നിട്ടും കോടതികള്‍ അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുന്നത് തുടരുകയാണ്.

ഗുരുതര കുറ്റം ചുമത്തി അറസ്റ്റിലായവര്‍ക്കും ചട്ടം പരിശോധിച്ച് ആവശ്യമെങ്കില്‍ കോടതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞതും അര്‍ഹമായ കേസുകളില്‍ പോലും ജാമ്യം നിഷേധിക്കുന്നത് മൗലികവകാശ ലംഘനമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഒക്ക, അഗസ്റ്റിന്‍ ജോസ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചതും ഈയടുത്ത കാലത്താണ്.

ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ കേസുകളിലായി 2500 ഓളം പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ 2000 ഓളം പേര്‍ക്ക് പലപ്പോഴായി കീഴ്ക്കോടതികള്‍ തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍, ഉമര്‍ ഖാലിദിന്റെ കാര്യത്തില്‍ വിചാരണ പോലും ആരംഭിക്കാതെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ സ്വയം അപഹാസ്യമാവുകയാണ്.

ഉമര്‍ ഖാലിദിനെതിരെ വിചാരണകോടതിയിലും ഡല്‍ഹി ഹൈ കോടതിയിലും ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. 2022 ഒക്ടോബറില്‍, മുന്‍ സുപ്രീം കോടതി ജഡ്ജി, മൂന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍, മുന്‍ ഫെഡറല്‍ ആഭ്യന്തര സെക്രട്ടറി എന്നിവര്‍ കലാപത്തെക്കുറിച്ചുള്ള ഒരു വലിയ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഖാലിദിനെതിരായ യുഎപിഎ കേസ് പരിശോധിച്ചിരുന്നു. തീവ്രവാദ കുറ്റം ചുമത്താന്‍ തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഇവരുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. ഖാലിദിന് ജാമ്യം നിഷേധിക്കുന്നത് ”രാജ്യത്തെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും സമാധാനപരമായ ഒത്തുചേരലിനും കനത്ത പ്രഹരമാണ്” നല്‍കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.

ഫാഷിസ്റ്റ് വിരുദ്ധ മുന്നണിപോരാളികളിലൊരാളായി മാറിയ വിദ്യാര്‍ഥി നേതാവാണ് ഉമര്‍ ഖാലിദ്. നജീബിന്റെ തിരോധാനം, രോഹിത് വെമുലയുടെ ആത്മഹത്യ, ഭീമ കൊറേഗാവ് പ്രതിഷേധങ്ങള്‍ തുടങ്ങിയ പോരാട്ടവഴികളില്‍ സ്ഥിരസാന്നിധ്യമായി ഉമര്‍ ഖാലിദ് മനുഷ്യ പക്ഷത്തുനിന്ന് നീതിക്കുവേണ്ടി പോരാടി. മോദി സര്‍ക്കാരിന്റെ കര്‍ഷക-വിദ്യാര്‍ഥി വിരുദ്ധ, കോര്‍പറേറ്റ് പ്രീണന നയങ്ങളെ തുറന്നെതിര്‍ത്ത ഉമര്‍ പ്രതിരോധത്തിന്റെ മറ്റൊരു പേരു കൂടിയാകുന്നു. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കെതിരായി നടപ്പാക്കുന്ന നിയമങ്ങളെ കുറിച്ചാണ് ഉമര്‍ ഖാലിദ് പിഎച്ച്ഡി ചെയ്തത്. തീസിസ് കാലയളവ് പൂര്‍ത്തിയാക്കിയതിന് ശേഷവും അദ്ദേഹം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു.

ഉമര്‍ ഖാലിദ് Screengrab, Copyright: Scroll

2013 ഫെബ്രുവരി 9ന് അഫ്സല്‍ ഗുരുവിനെയും മക്ബൂല്‍ ഭട്ടിനെയും തൂക്കിലേറ്റിയ സംഭവത്തില്‍ ജെഎന്‍യുവില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പേരിലാണ് ഉമര്‍ ഖാലിദ് ആദ്യമായി അറസ്റ്റിലാവുന്നത്. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ 5 വിദ്യാര്‍ഥികള്‍ക്ക് നേരെ രാജ്യദ്രോഹം ചുമത്തിയാണ് അന്ന് അറസ്റ്റ് ചെയ്യുന്നത്. മറ്റൊരു വിദ്യാര്‍ഥിക്കൊപ്പം പോലീസില്‍ കീഴടങ്ങിയ ഉമര്‍ ഖാലിദിന് മാസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചിരുന്നു. അന്ന് രാജ്യദ്രോഹ കുറ്റമായിരുന്നു ചുമത്തിയത്.

2018 ഓഗസ്റ്റില്‍ ‘യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ്’ എന്ന സംഘടന ‘ഫ്രീഡം വിത്തൗട്ട് ഫിയര്‍’ എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയില്‍ പ്രസംഗിക്കാനെത്തിയ ഉമര്‍ ഖാലിദിനുനേരെ ഒരാള്‍ തോക്കുചൂണ്ടി രണ്ട് തവണ കാഞ്ചിവലിച്ചു. അക്രമി ആരാണെന്നോ എന്തിനാണ് തോക്കുചൂണ്ടിയതെന്നോ അന്വേഷിക്കാന്‍ കൂട്ടാത്ത ഭരണകൂടം ഉമറിനെ മണിക്കൂറുകളോളം മൊഴിയെടുക്കല്‍ എന്ന പേരില്‍ ചോദ്യം ചെയ്തു. അയാള്‍ തനിക്കുനേരെ തോക്ക് ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെയാണ് ഓര്‍മ വന്നതെന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഉമര്‍ പിന്നീട് പറഞ്ഞു.

2018 ജനുവരിയില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എല്‍ഗാര്‍ പരിഷത് റാലിയില്‍ പങ്കെടുത്ത് ദലിത് ന്യുനപക്ഷ ഐക്യത്തിനായി ആഹ്വാനം നടത്തുകയും ഹിന്ദുത്വ അക്രമം തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ പ്രസംഗത്തിനുശേഷവും ഉമറിനെതിരെ പൊലീസ് കേസെടുത്തു.

2020 സെപ്റ്റംബര്‍ 13 ന് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത് ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചന കേസിലാണ്. ഫെബ്രുവരി 23-25 വരെ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത 751 എഫ്‌ഐആറുകളില്‍ ഒന്നായിരുന്നു ഡല്‍ഹി കലാപ ഗൂഢാലോചന കേസ്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ തെരുവിലിറങ്ങിയ കാലയളവിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടന്നത്.

അന്ന് കലാപത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. പൗരത്വ ഭേദഗതി പ്രതിഷേധങ്ങളുടെ മറവില്‍ വര്‍ഗീയ കലാപങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരായ നീക്കം, റോഡ് തടയുക എന്നിവ ആസൂത്രണം ചെയ്‌തെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട 18 പേരില്‍ ഒരാളായിരുന്നു ഉമര്‍ ഖാലിദ്. കേസുകളില്‍ അറസ്റ്റിലായവരില്‍ അധികവും വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളുമായിരുന്നു. 18 പേരില്‍ 16 പേരും മുസ്ലീം സമുദായത്തില്‍പ്പെട്ടവരായിരുന്നു എന്നതാണ് ഇതിലെ മറ്റൊരു വൈരുധ്യം.

2020 ഫെബ്രുവരി 17ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ 17 മിനിട്ടുള്ള പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തിറക്കി. 17 മിനിട്ട് നീണ്ട പ്രഭാഷണത്തെ കേവലം 40 സെക്കന്റായി വെട്ടിച്ചുരുക്കി, സംഘ്പരിവാര്‍ അനുകൂലികളും വലതുപക്ഷ മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഇതോടൊപ്പം ഡല്‍ഹി കലാപത്തിനുള്ള ആഹ്വാനമാണെന്ന വ്യാജ ആരോപണവും ഉമര്‍ ഖാലിദിനെതിരെ ഉന്നയിച്ചു.

ഡല്‍ഹി കലാപത്തില്‍ നിന്നുള്ള ദൃശ്യം Screengrab, Copyright: New York Times

”അമരാവതിയിലെ പ്രസംഗത്തില്‍ കലാപത്തെ കുറിച്ചല്ല, സത്യാഗ്രഹവും അഹിംസയുമടക്കം ഗാന്ധിയുടെ സന്ദേശങ്ങളാണ് ഞാന്‍ ഉടനീളം പറഞ്ഞുവെച്ചത്. എന്നെ അക്രമത്തിന് പ്രേരിപ്പിക്കുന്ന നീചനായി മുദ്രകുത്താന്‍ അവര്‍ ഇപ്പോഴും പുതിയ വഴികള്‍ കണ്ടെത്തുകയാണ്. എനിക്കെതിരെ തെറ്റായ പ്രസ്താവനകള്‍ ഇറക്കാന്‍ അവര്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന ആരെയും ജയിലിലടക്കുകയാണ്. അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒപ്പം നിങ്ങളെയും. ഞങ്ങളെ തുറങ്കിലടച്ച ശേഷം അവര്‍ നിങ്ങളെ ജയിലിനുപുറത്ത് നിശബ്ദരാക്കി നിര്‍ത്തും. എനിക്ക് നിങ്ങളോട് ഒന്നേപറയാനുള്ളു, ഒരിക്കലും ഭയത്തിന് പിടികൊടുക്കരുത്. അനീതികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കുക. കള്ളക്കേസില്‍ കുരുക്കി തുറങ്കിലടച്ചവര്‍ക്കുവേണ്ടി നിങ്ങളുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കട്ടെ”, എന്നാണ് അമരാവതിയിലെ പ്രസംഗത്തെ കുറിച്ച് ഉമര്‍ ഖാലിദ് പിന്നീട് പറഞ്ഞത്.

ജയില്‍ വാസത്തിനിടെ സഹോദരിയുടെ കല്യാണത്തിന് പോകാന്‍ ലഭിച്ച ഒരാഴ്ച മാത്രമാണ് ഉമറിന് പരോള്‍ ലഭിച്ചത്. 800 ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു ആ പരോള്‍ ലഭിച്ചത്. 2023 ജനുവരിയില്‍ ഏഴു ദിവസത്തെ പരോള്‍ കഴിഞ്ഞ് പോകുന്ന ഉമര്‍ ഖിലിദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹത്തിന്റെ പങ്കാളി ബനൊജ്യോത്സ്‌ന കുറിച്ചു: ‘ഒരാഴ്ച എന്നത് നിങ്ങള്‍ക്ക് എത്ര ദിവസമാണ് ഞങ്ങള്‍ക്ക് അതൊരു ജീവിതകാലം തന്നെയായിരുന്നു.’

ആയുധം കൈവശംവയ്ക്കല്‍ വകുപ്പ്, യുഎപിഎ, കലാപശ്രമം, കൊലപാതകം (സെക്ഷന്‍ 302 ഐപിസി), വധശ്രമം (സെക്ഷന്‍ 307 ഐപിസി), രാജ്യദ്രോഹം (സെക്ഷന്‍ 124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, തീവ്രാദ പ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കല്‍ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ക്കാനും ഹിന്ദുത്വ വംശീയത അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നായിരുന്നു പണ്ഡിതനും ബുദ്ധിജീവിയുമായ നോം ചോംസ്‌കി അഭിപ്രായപ്പെട്ടത്.

‘ഒരിക്കലെങ്കിലും തിഹാര്‍ ജയിലില്‍ വന്നിട്ടുള്ള ആരും ആ ഭയപ്പെടുത്തുന്ന നിശ്ശബ്ദതയെ കുറിച്ച് പറയും. മാനം മുട്ടുന്ന മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു പ്രേതനഗരത്തിലെത്തിപ്പെട്ടതുപോലെ തോന്നും നിങ്ങള്‍ക്ക്. പൊലീസ് സ്റ്റേഷനില്‍ നിന്ന് എന്നെ ജയിലിലേക്ക് കൊണ്ടുവന്ന പൊലീസ് വണ്ടി അകത്തേക്ക് കടക്കുമ്പോള്‍ തന്നെ പുറംലോകത്തു നിന്നുള്ള ശബ്ദം പിന്‍വാങ്ങി തുടങ്ങിയിരുന്നു. നിശ്ശബ്ദത പതിയെ അതിനെ വിഴുങ്ങി തുടങ്ങിയിരുന്നു. ഒരു ജാലകത്തിനുമുന്നിലെ വഴിയില്‍ അതേദിവസം ജയിലിലേക്കെത്തുന്ന മറ്റുചിലരുടെ പിന്നില്‍ ഞാനും നിന്നു. ആ ജാലകത്തിനപ്പുറത്ത് ഒരു ക്ലര്‍ക്കിരുന്ന് വിവരങ്ങള്‍ എഴുതിയെടുക്കുന്നുണ്ടായിരുന്നു. പേര് പിതാവിന്റെ പേര് എന്താണ് കേസ് ഇതൊക്കെയാണ് അവിടെ പറയേണ്ടിയിരുന്നത്. എന്റെയും പിതാവിന്റെയും പേര് പറഞ്ഞതിനുശേഷം അയാളുടെ അവസാന ചോദ്യത്തിന് യുഎപിഎ എന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി”, ഉമര്‍ ഖാലിദ് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു.

തടവറയിലായി രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ തന്റെ സുഹൃത്തിനെഴുതിയ കത്തില്‍ ഉമര്‍ ഖാലിദ്, തനിക്കെതിരെ പോലീസും മാധ്യമങ്ങളും നടത്തുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ‘വിദ്വേഷത്തിന്റെയും കളവിന്റെയും ഭീകരതയെ എങ്ങനെ നേരിടും. വിദ്വേഷ പ്രചാരകര്‍ക്ക് പണമുണ്ട്, വിധേയപ്പെട്ട് നില്‍ക്കുന്ന ന്യൂസ് ചാനലുകളുണ്ട്. പിന്നെ ട്രോള്‍ സംഘങ്ങളുണ്ട്. ചിലപ്പോള്‍ എനിക്ക് വല്ലാതെ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു. പൗരത്വ നിയമത്തിനെതിരെയും ഫാസിസത്തിനെതിരെയും പോരാടുന്ന എന്നെക്കാള്‍ പ്രിവിലേജുള്ള ചില ആളുകള്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്നു. അതേസമയം വ്യാജ പ്രചാരണത്തിന് എന്നെ തിരഞ്ഞു പിടിക്കുകയും ചെയ്യുന്നു. ഇതൊന്നും വ്യക്തിപരമല്ലെന്ന ബോധ്യം മാത്രമാണ് ഇപ്പോള്‍ എനിക്ക് ആശ്വാസം തരുന്നത്. എന്റെ അറസ്റ്റും ഒറ്റപ്പെടുത്തലുമെല്ലാം ഒരു വിശാലമായ പദ്ധതിയുടെ പ്രതീകാത്മക മാത്രം ഉള്‍കൊളളുന്നതാണ്. അതയാത് മുസ്ലീങ്ങള്‍ക്കെതിരായ നീക്കത്തിന്റെ പ്രതീകം മാത്രം.’

”മരുഭൂമിയില്‍ നഷ്ടമായ യാത്രികനെ കണ്ടെത്താന്‍ പാടുപെടുന്നതിനു കാരണം അവിടുത്തെ മടുപ്പിക്കുന്ന സമാനതകളാണ്. എന്തിനെയെങ്കിലും സൂചിപ്പിക്കാന്‍ പറ്റുന്ന അടയാളങ്ങളില്ല. ഇതുതന്നെയാണ് ജയിലില്‍ കുറച്ചുകാലമായി കഴിയുന്നവരുടെയും അവസ്ഥ. ഒരു കാലത്തെ വ്യക്തമായി സൂചിപ്പിക്കുന്നതിനുള്ള ശേഷി നഷ്ടമാകുന്നു.” ജയിലില്‍ തന്നെ സന്ദര്‍ശിച്ച സുഹൃത്ത് അനിര്‍ബന്‍ ഭട്ടാചാര്യയോട് ഉമര്‍ ഖാലിദ് പറഞ്ഞതാണിത്.

തന്റെ പക്കല്‍ ആവശ്യത്തിലേറെയുള്ളത് സമയം മാത്രമാണെന്ന് അനിര്‍ബന്‍ ഭട്ടാചാര്യയോട് ഉമര്‍ ഖാലിദ് പറയുന്നുണ്ട്. വായിക്കുകയും സഹതടവുകാര്‍ക്ക് അപേക്ഷകള്‍ എഴുതി നല്‍കുകയും ചെയ്തുകൊണ്ട് നീതിരഹിതമായ തന്റെ തടവറ കലാം തള്ളി നീക്കുകയാണ് ഉമര്‍ ഖാലിദ്. പ്രസാധകരുടെ താല്‍പ്പര്യം പ്രകാരം തന്റെ ജയില്‍ അനുഭവങ്ങളെ മുന്‍നിര്‍ത്തി ജയില്‍ ഡയറി തയ്യാറാക്കികൊണ്ടിരിക്കയാണ് ഉമര്‍ ഖാലിദിപ്പോള്‍.

FAQs

ആരാണ് ഉമര്‍ ഖാലിദ്?

മനുഷ്യാവകാശ പ്രവർത്തകനും ജെഎൻയുവിലെ പൂർവ്വവിദ്യാർഥിയും മുൻ ഡിഎസ്യു നേതാവുമാണ് സയ്യിദ് ഉമർ ഖാലിദ് എന്ന ഉമർ ഖാലിദ്. വിവിധ പ്രക്ഷോഭ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഉമർ ഖാലിദ് ഇപ്പോള്‍ ഡല്‍ഹി കലാപക്കേസില്‍ ജയിലിലാണ്.

എന്താണ് ഡൽഹി കലാപം (2020)?

2020-ൽ ഡൽഹിയിൽ നടന്ന മുസ്ലീം വംശഹത്യയാണ് പിന്നീട് ഡൽഹി കലാപം എന്നായി മാറിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾക്ക് നേരെ ഹിന്ദുത്വ ഭീകരവാദികൾ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും, 200 ൽ അധികം ജനങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

എന്താണ് വിചാരണ?

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന സത്യാന്വേഷണപരീക്ഷണങ്ങളുടെ പേരാണ് വിചാരണ. വാദി. പ്രതി, സാക്ഷികൾ തെളിവുകൾ മറ്റുള്ള സാഹചര്യങ്ങൾ എന്നിവയുടെ വിശകലനമാണ് ഇതിന്റെ ലക്‌ഷ്യം.

Quotes

“വൈകിയ അവകാശം നിഷേധിക്കപ്പെട്ട അവകാശമാണ്- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.