Thu. Dec 26th, 2024

ബെംഗളൂരു: മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി ജഗദീഷ് പറഞ്ഞു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ ശ്രീനിവാസ് (13), സഹോദരി ലക്ഷ്മി (11) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും ഒഴുക്കിൽപെട്ടത്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള 20 വിമാന സർവീസുകൾ വൈകി. 5 എണ്ണം ചെന്നൈയിലേക്കു വഴിതിരിച്ചുവിട്ടു. ഇൻഡിഗോയുടെ ഡൽഹി, ഹൈദരാബാദ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയും തായ് ലയൺ എയറിന്റെ ബാങ്കോക്കിൽ നിന്നുള്ള സർവീസുമാണു ചെന്നൈയിലേക്കു തിരിച്ചുവിട്ടത്.