Wed. Jan 22nd, 2025

വയനാട്: പുത്തുമലയിൽ എത്തി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കൂട്ട സംസ്‌കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടർന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.

സംസ്‌കരിച്ചവരുടെ എണ്ണവും ഇനി എത്ര മൃതശരീരം കിട്ടാനുണ്ട് തുടങ്ങിയ വിവരങ്ങളും ടി. സിദ്ദിഖ് എംഎൽഎയിൽ നിന്നും പ്രിയങ്ക ചോദിച്ചറിഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് കൂട്ടസംസ്‌കാരം നടന്ന സ്ഥലം സന്ദർശിക്കാൻ തീരുമാനമുണ്ടായത്. രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് പ്രിയങ്ക ഗാന്ധി പുത്തുമല സന്ദർശിച്ചതെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇനിയുള്ള പ്രചരണത്തിനായി എത്തുമ്പോൾ ദുരന്തബാധിതരുടെ വീടുകളിൽ സന്ദർശനം നടത്തുമെന്നും പ്രവർത്തകർ പറയുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാൻ അമ്മ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരും പ്രിയങ്കയ്ക്കൊപ്പം എത്തിയിരുന്നു.