Wed. Oct 23rd, 2024

ആലപ്പുഴ: മന്ത്രിമാറ്റം സംബന്ധിച്ച കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തീരുമാനം വൈകുന്നതിൽ എൻസിപിയിൽ അതൃപ്തി.

എൻസിപി സംസ്ഥാനാധ്യക്ഷൻ പി സി ചാക്കോയ്ക്കു പിന്നാലെ, മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്കു വീണ്ടും കത്ത് നൽകി. മന്ത്രിയെ നിശ്ചയിക്കാനുള്ള ഘടകകക്ഷിയുടെ അവകാശത്തിൽ പുറത്തുനിന്ന് ഇടപെടലുണ്ടാകുന്നതിനോട് എൻസിപി നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ അടുത്തിടെ കൊച്ചിയിൽ ചേർന്ന പാർട്ടി ഭാരവാഹി യോഗത്തിലും രൂക്ഷവിമർശനമുണ്ടായി. ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ സമ്മർദം ശക്തമാക്കാനാണു നീക്കം. മന്ത്രിയെ പിൻവലിച്ച് പ്രതിഷേധിക്കുന്നതടക്കമുള്ള നടപടിയും ആലോചനയിലുണ്ട്. എ കെ ശശീന്ദ്രനെ മാറ്റി, പകരം തോമസിനെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ ആവശ്യത്തോട് മുഖ്യമന്ത്രിക്ക് അനുകൂലസമീപനമല്ലെന്നാണു സൂചന.

മന്ത്രിമാറ്റം സംബന്ധിച്ച് ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാറ്റം വൈകാൻ തനിക്കുള്ള കുറ്റം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. തനിക്കെതിരെ സാമ്പത്തിക ക്രമക്കേടെന്ന വാർത്ത പത്രത്തിൽ കണ്ടിരുന്നുവെന്നും എന്നാൽ ഏതാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.