Mon. Apr 7th, 2025 10:21:27 PM

 

ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് ഇസ്രായേല്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ഡോ. ചെന്‍ കുഗേനാണ് വിവരം പുറത്തുവിട്ടത്. ടാങ്ക് ഷെല്ലില്‍നിന്ന് ഉള്‍പ്പെടെ യഹിയയ്ക്ക് മറ്റ് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ തലയിലേറ്റ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായിരുന്നു സിന്‍വാര്‍. ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തുന്നതിന് മുമ്പ് ഒളിത്താവളത്തിന് നേരെ വെടിവെയ്പ്പ് നടത്തിയിരുന്നു.

ഇസ്രായേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ 828 ബ്രിഗേഡ് റാഫയിലെ ടെല്‍ അല്‍-സുല്‍ത്താന്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവര്‍ ഇവിടെ നടത്തിയ പരിശോധനയിലാണ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യഹിയയുടേത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ മൃതദേഹത്തില്‍നിന്ന് വിരലുകള്‍ മുറിച്ചെടുത്തു.

തടവുകാരുമായുള്ള കൈമാറ്റ ഇടപാടില്‍ 2011ല്‍ മോചിതനാകുന്നതുവരെ രണ്ട് പതിറ്റാണ്ടോളം സിന്‍വാര്‍ ഇസ്രായേല്‍ ജയിലായിരുന്നു. ഈ സമയത്ത് ശേഖരിച്ച ഡിഎന്‍എ സാംപിളുമായി ഒത്തുനോക്കിയാണ് മൃതദേഹം സിന്‍വാറിന്റേത് തന്നെയാണെന്ന് ഉറപ്പാക്കിയത്. ഇസ്രായേല്‍ സൈന്യം ആദ്യം ദന്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും അതിലൂടെ ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ചീഫ് പാത്തോളജിസ്റ്റ് അറിയിച്ചു.

അതേസമയം, യഹിയയുടെ കൊലപാതകത്തിന് മറുപടി നല്‍കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് പോകുകയാണെന്നാണ് ഹമാസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്.

പുതിയ തലവന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ഹമാസ് തീരുമാനം എടുത്തിട്ടില്ല. യഹിയയുടെ സഹോദരനായ മുഹമ്മദ് സിന്‍വാറിനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഹമാസിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അക്രമത്തില്‍ നേതാക്കള്‍ കൊല്ലപ്പെട്ടാന്‍ ഉടന്‍ തന്നെ പുതിയ തലവനെ കണ്ടെത്തുന്ന രീതിയാണുള്ളത്.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു യഹിയ സിന്‍വാര്‍. 1200 ലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തില്‍ ഇസ്രായേല്‍ തിരിച്ചടിച്ചതോടെ ഗാസയില്‍ 40,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു.