Wed. Jan 22nd, 2025

 

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക ചടങ്ങുകളില്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് എത്തുന്നതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈകോടതിയില്‍ ഹര്‍ജി. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ഉദയനിധിയോട് ‘ഔപചാരിക വസ്ത്രധാരണരീതി’ പാലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം സത്യകുമാറാണ് ഹര്‍ജി നല്‍കിയത്.

ഔദ്യോഗിക പരിപാടികളില്‍ ‘ടീ ഷര്‍ട്ടും ജീന്‍സും കാഷ്വല്‍ പാദരക്ഷകളും’ ധരിച്ച ഉദയനിധി 2019 ല്‍ പുറപ്പെടുവിച്ച പൊതുപ്രവര്‍ത്തകരുടെ ഔപചാരിക വസ്ത്രധാരണരീതി നിര്‍ദേശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുകയാണെന്ന് എം സത്യകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ഉണ്ടാകാറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ ചടങ്ങില്‍ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

ഡിഎംകെയുടെ ചിഹ്നമായ ഉദയസൂര്യന്‍ മുദ്രണംചെയ്ത ടീ ഷര്‍ട്ടാണ് ഉദയനിധി ധരിക്കുന്നത്. സര്‍ക്കാര്‍ യോഗങ്ങളില്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പൊതുപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.