Thu. Dec 26th, 2024

 

ഗാസ സിറ്റി: ഗാസയിലെ അഭയാര്‍ഥി ക്യാംപുകളിലും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു. വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാംപിലുള്ള ആശുപത്രി വളഞ്ഞ് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 33 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 21 പേരും സ്ത്രീകളും കുട്ടികളുമാണ്.

ജബാലിയ അഭയാര്‍ഥി ക്യാംപിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെയായിരുന്നു ഇസ്രായേല്‍ ആക്രമണം നടന്നത്. ആശുപത്രി വളഞ്ഞ ശേഷം സൈന്യം ഇങ്ങോട്ടുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടര്‍ന്നാണ് ബോംബാക്രമണം നടന്നത്.

ആക്രമണത്തില്‍ 85 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ഗാസ മാധ്യമവിഭാഗവും ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി ‘വഫാ’യും അറിയിക്കുന്നത്.

മേഖലയിലെ മറ്റു വീടുകളെല്ലാം തകര്‍ത്ത ശേഷമാണ് സൈന്യം ക്യാംപിലേക്ക് എത്തിയത്. ഇതിനിടയില്‍ നിരവധി വീടുകളും കെട്ടിടങ്ങളും ബോംബിട്ടു തകര്‍ത്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്ത് എത്താനാകുന്നില്ലെന്നാണ് ആരോഗ്യ ജീവനക്കാര്‍ പറയുന്നത്. സമീപത്തെ നിരവധി വീടുകള്‍ക്കുനേരെയും ഇസ്രായേല്‍ ആക്രമണം നടന്നതായി ഇവര്‍ പറയുന്നു.

ബൈത്ത് ലാഹിയയിലെ മറ്റ് രണ്ട് ആശുപത്രികളും ഇസ്രായേല്‍ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ആശുപത്രികള്‍ക്ക് നേരെ സൈന്യം ഷെല്ലാക്രമണം നടത്തി. വടക്കന്‍ ഗാസയില്‍ ജബാലിയയിലെ അല്‍ ഔദ ആശുപത്രിയും ബൈത്ത് ലാഹിയയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയുമാണ് ഇസ്രായേല്‍ സൈന്യം ആക്രമിച്ചത്. കമാല്‍ അദ്വാന്‍ ആശുപത്രിയുടെ പ്രവേശന കവാടം ആക്രമിച്ച് ഒരാളെ സൈന്യം കൊലപ്പെടുത്തി.