Sat. Dec 14th, 2024

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനം നടക്കുക. റോഡ് ഷോയും സംഘടിപ്പിക്കും.

മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ തുടങ്ങി കഴിഞ്ഞു. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചിരുന്നു. പ്രചരണത്തിൻ്റെ ഭാഗമായി സത്യന്‍ മൊകേരി നാളെ മണ്ഡലത്തിലെത്തും. അതേസമയം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചന. നടി ഖുശ്ബു, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരാണ് വയനാട്ടിലെ സാധ്യത പട്ടികയിലുള്ളത്.