Wed. Dec 18th, 2024

തൃശൂര്‍: ഡയറി എഴുതിയില്ലെന്ന പേരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

തുടർന്ന് നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. മാനേജ്മെന്റിൻ്റെ സ്വാധീനത്തിന് വഴങ്ങി അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.