Wed. Dec 18th, 2024

 

ഗാസ: ഗാസ മുനമ്പിലുടനീളം ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബാലിയയിലെ അല്‍-ഫലൂജയ്ക്ക് സമീപം ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ 11 പേരെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖാന്‍ യൂനിസിലെ ബാനി സുഹൈലയില്‍നടന്ന ആക്രമണത്തില്‍ 10 പേരും കൊല്ലപ്പെട്ടു.

ഗാസ സിറ്റിയിലെ സാബ്രയില്‍ മൂന്ന് വീടുകള്‍ തകര്‍ത്തു. രണ്ട് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തതായി പ്രാദേശിക സിവില്‍ എമര്‍ജന്‍സി സര്‍വിസ് അറിയിച്ചു. വീടുകളിലുണ്ടായിരുന്നുവെന്ന് കരുതുന്ന മറ്റ് 12 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സെന്‍ട്രല്‍ ഗാസയിലെ നുസെറത്ത് ക്യാമ്പില്‍ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൂടി മരിച്ചു.

അവിടെ പ്രവര്‍ത്തിക്കുന്ന മൂന്ന് ആശുപത്രികളോട് രോഗികളെ ഒഴിപ്പിക്കാന്‍ സൈന്യം ഉത്തരവിട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ വര്‍ധിച്ചുവരുന്ന മരണസംഖ്യയില്‍ തളര്‍ന്നിരിക്കുകയാണെങ്കിലും തങ്ങളുടെ സേവനം തുടരാന്‍ തീരുമാനിച്ചതായി മെഡിക്കല്‍ സ്റ്റാഫുകള്‍ പറയുന്നു.

തെക്കന്‍ ഗാസയിലെ താമസക്കാരോട് വീടുവിട്ട് സുരക്ഷിത സ്ഥാനത്തേക്ക് പോകണമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ഹമാസ് സൈനികരെ സിവിലിയന്മാരില്‍നിന്ന് വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒഴിപ്പിക്കല്‍ ഉത്തരവുകളെന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍, ഗാസയില്‍ സുരക്ഷിതമായ ഒരിടവുമില്ലെന്ന് യുഎന്‍ പറയുന്നു.

യുദ്ധം തിടങ്ങിയ ആദ്യ മാസങ്ങളില്‍ കനത്ത ബോംബാക്രമണത്തിന് വിധേയമായ വടക്കന്‍ മേഖലയിലേക്ക് ഇസ്രായേല്‍ സൈന്യം തിരിച്ചെത്തിയതോടെ കടുത്ത അരക്ഷിതാവസ്ഥയിലും ഭീതിയിലും അമര്‍ന്നിരിക്കുകയാണ് ഇവിടെയുള്ളവര്‍. അഭയം തേടിയവരെ ഇവിടെനിന്ന് പൂര്‍ണമായി നീക്കംചെയ്യാന്‍ ഇസ്രായേല്‍ ഉന്നമിടുന്നതായി ഫലസ്തീനികള്‍ക്കിടയിലും യുഎന്‍ ഏജന്‍സികളിലും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

വടക്കന്‍ ഗാസയെ ഗാസ മുനമ്പി?ന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് സമ്പൂര്‍ണമായും വെട്ടിമാറ്റുന്നതാണ് കാണാനാവുന്നതെന്ന് ഗാസയിലെ റെഡ് ക്രസന്റ് മേധാവി അഡ്രിയാന്‍ സിമ്മര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘കടുത്ത ആക്രമണത്തിനും പലായന മുന്നറിയിപ്പുകള്‍ക്കുമിടയില്‍ ആളുകള്‍ സങ്കല്‍പ്പിക്കാനാവാത്ത ഭയം, പ്രിയപ്പെട്ടവരുടെ നഷ്ടം, ആശയക്കുഴപ്പം, ക്ഷീണം എന്നിവ നേരിടുകയാണ്. ആശുപത്രികള്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ പാടുപെടുകയാണ്. രോഗികളും വികലാംഗരുമുള്‍പ്പെടെ പലര്‍ക്കും പുറത്തുപോകാന്‍ കഴിയുന്നില്ല.

കൂടുതല്‍ അപകടം നേരിടാതെ സുരക്ഷിതമായി പലായനം ചെയ്യാന്‍ അവര്‍ക്ക് കഴിയണം. വടക്കന്‍ പ്രദേശത്തെ ആരോഗ്യ സൗകര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴില്‍ അവര്‍ സംരക്ഷിക്കപ്പെടണം. പരിക്കേല്‍ക്കാതിരിക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. കുടിയിറക്കപ്പെട്ട ഓരോ വ്യക്തിക്കും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാന്‍ അവകാശമുണ്ടെന്നും’ സിമ്മര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.