Sat. Dec 14th, 2024

 

ബെയ്റൂത്ത്: വടക്കന്‍ ലെബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഐതൂവിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹിസ്ബുള്ളയ്ക്ക് സ്വാധീനമില്ലാത്ത മേഖലയിലാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായ സഗര്‍ത്തയിലാണ് ഐതൂ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ താമസകേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ലബനീസ് വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

ഇതാദ്യമായാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഐതൂ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്. മലയോര മേഖലയായ ഐതൂവില്‍നിന്ന് വലിയ പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നടിയുകയും കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. ഏതാനും മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കും മറ്റ് അവശിഷ്ടങ്ങള്‍ക്കും അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

സംഘര്‍ഷമേഖലയായ മറ്റു പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ മാറിത്തമസിച്ച സ്ഥലമായിരുന്നു ഐതൂ. ഇവിടെയാണ് ഇസ്രായേല്‍ ആക്രമണം നടന്നതെന്ന് മേയര്‍ ജോസഫ് ട്രാഡ് പറഞ്ഞു. ദക്ഷിണ ലബനാനില്‍നിന്ന് വടക്കന്‍ മേഖലയിലേക്ക് മാറണമെന്ന് നേരത്തെ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ മാറിത്താമസിച്ചവരും ആക്രമണത്തിനിരയായതായാണ് വിവരം.

ക്രിസ്ത്യന്‍ മേഖലയിലെ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഒരു ദയാദാക്ഷിണ്യവുമില്ലാതെ ലബനാനിലെ മുഴുവന്‍ പ്രദേശങ്ങളിലും ആക്രമണം തുടരുമെന്ന് കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഹിസ്ബുള്ള ആക്രമണം നടന്ന വടക്കന്‍ ഇസ്രായേലിലെ സൈനിക താവളം സന്ദര്‍ശിച്ച ശേഷമായിരുന്നു നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.