Sat. Jan 18th, 2025

 

കണ്ണൂര്‍: പെട്രോള്‍ പമ്പ് അനുവദിക്കാന്‍ കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോള്‍ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീന്‍ ബാബുവിന് അപേക്ഷ നല്‍കിയെങ്കിലും ആറ് മാസത്തോളം ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു എന്നുമാണ് പ്രശാന്തിന്റെ ആരോപണം.

എന്‍ഒസി നല്‍കാനാണ് പണം ആവശ്യപ്പെട്ടത്. 98,500 രൂപ സംഘടിപ്പിച്ചു നല്‍കിയെന്ന് പ്രശാന്ത് പറഞ്ഞു. വീട്ടില്‍ വച്ചുതന്നെയാണ് കൈക്കൂലി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കൈക്കൂലി വാങ്ങിയതുമായി സംബന്ധിച്ച് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

‘ആറു മാസമായി എന്‍ഒസിക്കായി ഓഫീസില്‍ കയറി ഇറങ്ങുകയായിരുന്നു. ഫയല്‍ പഠിക്കട്ടെ എന്നായിരുന്നു ആ സമയത്തെല്ലാം എഡിഎം പറഞ്ഞിരുന്നത്. മൂന്ന് മാസമായപ്പോള്‍ എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചാം തീയതി എഡിഎം എന്റെ നമ്പര്‍ വാങ്ങിച്ചു. തുടര്‍ന്ന് ആറാം തീയതി പള്ളിക്കുന്നിലെ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ ജീവിതകാലം ഈ പമ്പ് കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്‍കിയതിനുശേഷം എട്ടാം തീയതി എന്‍ഒസി നല്‍കി.’, പ്രശാന്തന്‍ പറഞ്ഞു.

‘അദ്ദേഹം ക്വാട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്. എന്നാല്‍ പണം കൈമാറിയത് വീട്ടിനകത്ത് വെച്ചാണെന്നും ആ സമയത്ത് ഫോണ്‍ വാഹനത്തിനകത്ത് ആയിരുന്നു എന്നും പണം കൈമാറിയതിന് തെളിവില്ലെന്നും പ്രശാന്ത് പറഞ്ഞു.

ഈ വിഷയത്തില്‍ നേരത്തെ തന്നെ പിപി ദിവ്യയോട് പരാതി പറഞ്ഞതിനാല്‍ കൈക്കൂലി വാങ്ങിയ കാര്യവും ദിവ്യയോട് പറഞ്ഞു. ദിവ്യയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ പറഞ്ഞത്. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പരാതി നല്‍കിയതോടെ വിഷയം അവസാനിച്ചെന്നാണ് കരുതിയത്. ദിവ്യ ഒരു വേദിയില്‍ ഇക്കാര്യം പറയുമെന്നോ ഇങ്ങനെ സംഭവിക്കും എന്നോ കരുതിയില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് എഡിഎമ്മിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ചായിരുന്നു ആരോപണമുന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.