Sat. Dec 14th, 2024

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി. മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജിയാണ് തള്ളിയത്.

നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി എസ് ഡയസ് ഹർജി തള്ളുകയായിരുന്നു. മെമ്മറി കാർഡ് അനധികൃത പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതീജീവിത നൽകിയ ഉപഹർജിയിലാണ് വിധി. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും മെമ്മറി കാർഡ് പരിശോധിച്ച ഫോണുൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിത ആരോപിക്കുന്നത്.