Sat. Jan 18th, 2025

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജയിലില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രാമലീലക്കിടെ വേഷം കെട്ടിയ കുറ്റവാളികള്‍ ജയില്‍ ചാടി. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജയില്‍ ചാടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഹരിദ്വാര്‍ ജില്ലാ ജയിലില്‍ രാംലീല സംഘടിപ്പിച്ചത്. ജയിലിലെ തടവുകാരായിരുന്നു അഭിനേതാക്കള്‍. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനരവേഷം കെട്ടിയ കൊലപാതകക്കേസ് പ്രതി ഉള്‍പ്പടെ രണ്ടുപേര്‍ ജയില്‍ ചാടിയതായി അധികൃതര്‍ മനസിലാക്കിയത്.

ജയിലില്‍ അറ്റകുറ്റ പണികള്‍ക്കായി ഉപയോഗിക്കുന്ന ഏണി ഉപയോഗിച്ചാണ് പ്രതികള്‍ ജയില്‍ ചാടിയത്. രക്ഷപ്പെട്ട തടവുകാരില്‍ ഒരാളായ പങ്കജിനെ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമനായ രാംകുമാര്‍ വിചാരണ തടവുകാരനാണ്.

പുലര്‍ച്ചെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്നും ഉടന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹരിദ്വാര്‍ എസ്പി പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിമര്‍ശിച്ചു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.