Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തിന് തെളിവ് ചോദിച്ച് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ എന്തെങ്കിലും തെളിവുകളുണ്ടോയെന്ന് ഇന്ത്യ കാനഡയോട് ചോദിച്ചു. സംഭവത്തില്‍ ഒരു തെളിവുകളും ഹാജരാക്കാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു.

ഇക്കാര്യത്തില്‍ ഇന്ത്യക്കാരെ കുടുക്കാന്‍ രാഷ്ട്രീയ നിര്‍ദേശങ്ങള്‍ കൂടി കാനഡ സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയെന്നും ഇന്ത്യ ആരോപിക്കുന്നുണ്ട്. ട്രൂഡോ സര്‍ക്കാറിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ക്രിമിനല്‍ നിയമത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ് ട്രൂഡോ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയ നിര്‍ദേശങ്ങള്‍ നല്‍കുന്നത് നിയമപരമായി കുറ്റകരമാണെന്നും ട്രൂഡോ ഭരണകൂടത്തോട് ഇന്ത്യ വ്യക്തമാക്കി.

ലാവോസില്‍ നടന്ന ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, പിന്നീട് ഇന്ത്യ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കാര്യമായ ചര്‍ച്ചകളൊന്നും ഇരു നേതാക്കളും തമ്മില്‍ നടന്നിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ കേസില്‍ രാജ്യത്തിന് ഒന്നും മറക്കാനില്ലെന്ന് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയെ അപമാനിക്കാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും കാനഡയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2023 ജൂണ്‍ 18നാണ് സര്‍റിയിലെ ഗുരുദ്വാരക്ക് പുറത്ത് കാനഡ പൗരനായ ലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് ഭീകരന്‍ നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിക്കുന്ന ആര്‍സിഎംപി എന്ന ഏജന്‍സിയും കനേഡിയന്‍ പ്രധാനമന്ത്രിയും ഉന്നയിക്കുന്ന ആരോപണങ്ങളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ പ്രതികരണം.

ഖലിസ്ഥാനി വോട്ട് ബാങ്കിനായി ഇന്ത്യയെ വിമര്‍ശിക്കുന്ന നിലപാടാണ് പലപ്പോഴും നിജ്ജാര്‍ കൊലപാതകത്തില്‍ ജസ്റ്റിന്‍ ട്രൂഡോ സ്വീകരിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം കാനഡിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.