Wed. Dec 18th, 2024

 

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിരാഹാര സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ ഫെഡറേഷന്‍ ആയ ‘ഫെമ’. നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ സേവനങ്ങളും നിര്‍ത്തിവെച്ച് രാജ്യവ്യാപകമായി 48 മണിക്കൂര്‍ പണിമുടക്കാന്‍ ഫെമ തീരുമാനിച്ചു.

ആഗസ്റ്റ് 9ന് കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ സംവിധാനം നവീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. അവശരായതിനെ തുടര്‍ന്ന് ഇവരില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘അവരുടെ ന്യായമായ ആവശ്യങ്ങളെ പിന്തുണക്കുന്നതിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും സര്‍ക്കാറില്‍നിന്ന് നീതി തേടുന്നതിനും 69 അക്കാദമിക് മെഡിക്കല്‍ ഓര്‍ഗനൈസേഷനുകളുടെ രാഷ്ട്രീയ ഫെഡറേഷനായ ഫെമ, എല്ലാ സ്‌പെഷ്യാലിറ്റികളിലെയും മുഴുവന്‍ ഫിസിഷ്യന്‍മാരും സര്‍ജന്മാരും ചേര്‍ന്നുള്ള 48 മണിക്കൂര്‍ പണിമുടക്കിന് നിര്‍ബന്ധിതരാവുന്നു.

ഒക്ടോബര്‍ 14 മുതല്‍ 16 വരെ (രാവിലെ 6 മുതല്‍ പിറ്റേന്ന് വൈകീട്ട് 6വരെ) സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഒപിയും സ്വകാര്യ ക്ലിനിക്കുകളും ഉള്‍പ്പെടെ പണിമുടക്കിന്റെ ഭാഗമാവും. പ്രസ്തുത ദിവസങ്ങളിലേക്ക് നടത്താന്‍ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ റദ്ദാക്കും’, അസോസിയേഷന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. രോഗികള്‍ പ്രയാസപ്പെടാതിരിക്കാന്‍ അടിയന്തര സേവനങ്ങളെല്ലാം സജീവമായി തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു

‘പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ കേള്‍ക്കാനും സംവേദനക്ഷമത കാണിക്കാനും ഞങ്ങള്‍ സര്‍ക്കാറിനോട് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. അവര്‍ സമയബന്ധിതമായി പ്രതികരിച്ചാല്‍ സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും. പ്രശ്‌നത്തിന്റെ ഗൗരവത്തെ വിലമതിച്ചുകൊണ്ട് എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ കഠിനമായ നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് ചിന്തിക്കണമെന്നും അതില്‍ ഞങ്ങളോട് ക്ഷമിക്കമെന്നും’ ഡോക്ടര്‍മാരുടെ സംഘടന പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.