Wed. Dec 18th, 2024

ഡൽഹി: ഡൽഹി സരായ് കാലേ ഖാനിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ജോലി നഷ്ടമായതോടെ താമസിക്കാന്‍ സ്ഥലമില്ലാതായ യുവതി രണ്ടു ദിവസമായി തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് ക്രൂര പീഡനത്തിന് ഇരയായത്. കുറച്ചുകാലമായി ഒഡീഷ സ്വദേശിയായ യുവതി ദില്ലിയിലായിരുന്നു താമസിച്ചിരുന്നത്. മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിൻ്റെ നിഗമനം. നഴ്‌സിംഗ് കോഴ്‌സ് കഴിഞ്ഞ യുവതി ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി ദില്ലിയിലെത്തിയത്. വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല യുവതി. വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ പലവട്ടം ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ നഷ്ടമായതിനാല്‍ വീട്ടുകാരുമായും ബന്ധമില്ലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മാനസികനില സാധാരണ നിലയില്‍ അല്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.