തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്തില്ലാ എന്ന് പറഞ്ഞാല്‍, അത് സഭക്ക് നാണക്കേടാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചോദ്യത്തില്‍ ഉള്‍പ്പെടുത്താനോ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് വയ്ക്കാനോ ഇതുസംബന്ധിച്ച ചോദ്യം ചോദിക്കാനോ സഭയില്‍ അനുമതിയില്ല. നിയമസഭ കൗരവസഭയായി മാറി. ഇത്രയും ഗൗരവതരമായ വിഷയം ചര്‍ച്ചചെയ്തില്ലെന്നത് കേരള നിയമസഭയ്ക്ക് അപമാനകരമായ കാര്യമാണ്.’, സതീശന്‍ പറഞ്ഞു.
‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചോദ്യമായി നല്‍കിയപ്പോള്‍ ചോദ്യത്തില്‍ ഇതെല്ലാം കൊള്ളില്ല, സബ്മിഷനോ മറ്റോ വഴി നിയമസഭയില്‍ ഇത് കൊണ്ടുവരണമെന്നാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞത്. ചോദ്യത്തിന് മറുപടിയുമില്ല, ചോദ്യം ചോദിക്കാനും സമ്മതിക്കില്ല. അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കും വെയ്ക്കില്ല. സര്‍ക്കാര്‍ ഈവിഷയം ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഇത് അര്‍ഥമാക്കുന്നത്.
കേരളത്തിലെ സ്ത്രീകളെ ഗുരുതരമായി ബാധിച്ച ഇതുപോലൊരു വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടത്? അനുമതി നിഷേധിച്ചത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചുവേണം എന്നുണ്ട്. അതിനെയാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ചേര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുകൊടുക്കരുതെന്ന് ജസ്റ്റിസ് ഹേമ കത്ത് നല്‍കിയെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നതായി മനസ്സിലായിട്ടും ഈ റിപ്പോര്‍ട്ട് നാലര വര്‍ഷം നിയമവിരുദ്ധമായി കൈയില്‍വെച്ചു. പോക്സോ കേസടക്കം ഇതിനകത്തുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും ചെയ്തത് ജയില്‍ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ക്കുറ്റമാണ്. ഇപ്പോള്‍ പലരും മൊഴി തരാന്‍ തയ്യാറാകുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ സര്‍ക്കാരിന്റെ മുന്നില്‍ സ്ത്രീകള്‍ക്ക് എങ്ങനെ വിശ്വസിച്ച് മൊഴി നല്‍കാനാകുമെന്നും’ പ്രതിപക്ഷ നേതാവ് ചോദിച്ചു.