Sat. Jan 18th, 2025

 

കാസര്‍ഗോഡ്: പൊലീസുകാര്‍ ഓട്ടോ പിടിച്ചുവെച്ചതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതിന് കാരണക്കാരനായ പൊലീസുകാരനെതിരെ വീണ്ടും ആരോപണം. ആരോപണ വിധേയനായ എസ് ഐ അനൂപ് മറ്റൊരു ഓട്ടോക്കാരനായ നൗഷാദിനെ കൈയേറ്റം ചെയ്തതായാണ് പരാതി.

കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോണ്‍ എടുക്കാനായി സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോള്‍ അനൂപ് മര്‍ദ്ദിച്ചു എന്നുമാണ് പരാതി.

ഓട്ടോക്കാരനെതിരെ പരാതിയുണ്ടെന്നും അതിനാല്‍ അയാള്‍ കൂടെ വരണമെന്നുമാണ് എസ്‌ഐ വീഡിയോയില്‍ പറയുന്നത്. എന്നാല്‍ എന്താണ് കാരണമെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ താന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ അതോ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഡ്രൈവര്‍ ചോദിക്കുമ്പോള്‍ വണ്ടിക്കകത്ത് കയറാന്‍ പറഞ്ഞാല്‍ കയറിയിരിക്കണമെന്നാണ് എസ്‌ഐ മറുപടി പറയുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് വാഹനം പിടിച്ചെടുത്തതിന് പിന്നാലെ കാസര്‍ഗോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് സത്താര്‍ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു.

ഇതിന് പുറമെ ആത്മഹത്യ ചെയ്യുന്നതിന് മുന്നോടിയായി പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി സത്താര്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പൊലീസ് തയ്യാറാവാതിരുന്നതില്‍ വേദനയുണ്ടെന്നാണ് സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.