Wed. Oct 16th, 2024

 

ടോക്യോ: ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതികരണവുമായി 2024ലെ സമാധാന നൊബേല്‍ ജേതാക്കളായ ജാപ്പനീസ് സംഘടന. 80 വര്‍ഷം മുന്‍പുള്ള ജപ്പാനിലെ സ്ഥിതിയാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്ന് നിഹോന്‍ ഹിഡാന്‍ക്യോ പറഞ്ഞു. ആണവായുധമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംഘടനയെ നൊബേല്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

പുരസ്‌കാരലബ്ധിക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് സംഘടന വൈസ് ചെയര്‍പേഴ്‌സന്‍ തോഷിയുകി മിമാകി പ്രതികരിച്ചത്. ഗാസയില്‍ കുഞ്ഞുങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയാണ്. 80 വര്‍ഷം മുന്‍പ് ജപ്പാനില്‍ സംഭവിച്ചതിനു സമാനമായ സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആണവാക്രമണത്തെ അതിജീവിച്ചയാള്‍ കൂടിയാണ് മിമാകി.

ഹിരോഷിമ-നാഗസാക്കി ആണവ ബോംബ് ആക്രമണത്തെ അതിജീവിച്ചവര്‍ക്കായി 1950ല്‍ രൂപംകൊണ്ടതാണ് നിഹോന്‍ ഹിഡാന്‍ക്യോ. ഇരകള്‍ക്ക് നീതി നേടിക്കൊടുക്കുന്നതിനൊപ്പം ആണവായുധങ്ങള്‍ നിരോധിക്കാനായി വിദേശരാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുക ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണ് സംഘടന രൂപീകരിച്ചത്.

ആണവ നിരായുധീകരണം എന്ന ആവശ്യമുയര്‍ത്തി യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട സമിതികളിലും വേദികളിലും ഹിഡാന്‍ക്യോ പ്രതിനിധികള്‍ സംസാരിച്ചിരുന്നു. തങ്ങളുടെ ദൗത്യത്തിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനായി ഹിരോഷിമയില്‍നിന്നും നാഗസാക്കിയില്‍നിന്നുമുള്ള ആയിരക്കണക്കിന് ഇരകളുടെ സാക്ഷിമൊഴികളും സംഘടന പുറത്തുവിട്ടിരുന്നു.

ശാരീരികമായ യാതനകള്‍ അനുഭവിക്കുമ്പോഴും വേദനാജനകമായ ഓര്‍മകള്‍ വേട്ടയാടുമ്പോഴും സമാധാനത്തിനു വേണ്ടി ഇടപെടുകയും പ്രതീക്ഷ പകരുകയും ചെയ്ത ഹിരോഷിമ-നാഗസാക്കി ഇരകള്‍ക്കുള്ള ആദരമാണിതെന്നാണ് നിഹോന്‍ ഹിഡാന്‍ക്യോയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ച് നൊബേല്‍ സമിതി പറഞ്ഞത്.

ലോകം കണ്ട ഏറ്റവും വിനാശകാരിയായ ആയുധമാണ് ആണവായുധമെന്ന് മനുഷ്യചരിത്രത്തിലെ ഈ പുതിയ ദശാസന്ധിയില്‍ പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതുണ്ടെന്നും പശ്ചിമേഷ്യയിലും യുക്രൈനിലുമുള്ള യുദ്ധഭീതിയിലേക്കുള്ള സൂചനയുമായി നൊബേല്‍ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.