ബെംഗളൂരു: കാസര്‍കോട് നിര്‍മിച്ച 2000 രൂപയുടെ 25 ലക്ഷം മൂല്യമുള്ള കള്ളനോട്ടുകള്‍ പിടികൂടി ബെംഗളൂരു പൊലീസ്. ബെംഗളൂരു നൃപതുംഗ റോഡിലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ നിന്ന് നോട്ടുകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയാണ് നാല് മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ തട്ടിപ്പ് സംഘത്തെ പിടികൂടിയത്.
നോട്ടുകള്‍ ബെംഗളൂരുവില്‍ എത്തിച്ച മുഖ്യ സൂത്രധാരന്‍ കാസര്‍കോട് സ്വദേശി അഫ്സല്‍ ഹുസൈന്‍, അന്‍വര്‍, പര്‍ഷിത് എന്നിവരുടെ പേര് വിവരങ്ങളാണ് പുറത്തുവന്നത്. ഒരാള്‍ ബെല്ലാരി സ്വദേശിയാണ്. കാസര്‍കോട് കേന്ദ്രീകരിച്ചാണ് സംഘം വ്യാജ കറന്‍സി അച്ചടിച്ചിരുന്നത്.
ഒരു കറന്‍സി പ്രിന്റിംഗ് മെഷീനും 29 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കറന്‍സി പേപ്പറുകളും പിടിച്ചെടുത്തു. മൊത്തം 54 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്.
2000 രൂപയുടെ വ്യാജ നോട്ടുകള്‍ 500 രൂപ നോട്ടുകള്‍ ഉപയോഗിച്ച് മാറ്റിയെടുക്കുകയായിരുന്നു സംഘത്തിന്റെ രീതി. 2023 മെയ് മാസത്തില്‍ 2000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതായി ആര്‍ബിഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തട്ടിപ്പിന് തുടക്കമിട്ടത്.
ഇഷ്യൂ ഡിപ്പാര്‍ട്ട്മെന്റുകളുള്ള ആര്‍ബിഐയുടെ 19 റീജ്യണല്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ഈ 2000 രൂപ നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ കഴിയും.
‘സെപ്തംബര്‍ ഒമ്പതിന്, ബല്ലാരിയിലെ സിരുഗുപ്പയില്‍ നിന്നുള്ള അഫ്സല്‍ ഹുസൈന്‍ 500 രൂപയുടെ നോട്ടുകളാക്കി മാറുന്നതിനായി 24.68 ലക്ഷത്തിന്റെ 2000 രൂപയുടെ 1,234 നോട്ടുകളുമായി ബെംഗളൂരുവിലെ ആര്‍ബിഐയുടെ പ്രാദേശിക ഓഫീസിനെ സമീപിച്ചു.
കറന്‍സികള്‍ പരിശോധിച്ചപ്പോള്‍ എല്ലാ നോട്ടുകളും വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി അഫ്സലിനെ ഉടന്‍ തന്നെ വ്യാജ നോട്ടുകള്‍ സഹിതം ഹലാസുരു ഗേറ്റ് പൊലീസിന് കൈമാറി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു.’, ഡിസിപി (സെന്‍ട്രല്‍) എച്ച്ടി ശേഖര്‍ പറഞ്ഞു.